ആരിഫ് മുഹമ്മദ് ഖാൻ | Photo: PTI
ഗവര്‍ണര്‍ക്ക് രൂക്ഷവിമര്‍ശനം: രണ്ടുവര്‍ഷമായി എന്തെടുക്കുകയായിരുന്നുവെന്ന് കോടതി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ രണ്ടുവര്‍ഷമായി ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതാണ് കോടതിയെ ചൊടിപ്പിച്ചത്. ബില്ല് പിടിച്ചുവയ്ക്കാന്‍ തക്കതായ കാരണം ഗവര്‍ണര്‍ അറിയിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് സുതാര്യത വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തണം. കേരള സര്‍ക്കാരിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തോട് വീണ്ടും സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഗവര്‍ണറുടെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ജനജീവിതത്തെ ബാധിക്കും
ബില്ലുകള്‍ പാസാക്കാത്തത് സംസ്ഥാന ഭരണത്തെ ബാധിക്കുന്നതായും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത് തീരുമാനം വൈകിപ്പിക്കാനാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവര്‍ണര്‍ ക്ഷേമ ബില്ലുകള്‍ വൈകിപ്പിക്കുന്നതു ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നതില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ബില്ലുകളില്‍ ഏഴെണ്ണം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയെന്ന് ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഒരു ബില്ലിന് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസം വര്‍ഷങ്ങളായി പിടിച്ചുവച്ചിരുന്ന ബില്ലുകളില്‍ ഒരു ബില്ല് മാത്രം ഒപ്പിട്ട് ബാക്കി ഏഴെണ്ണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയായിരുന്നു. സമാനമായ കേസില്‍ പഞ്ചാബ് ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ബില്ലുകള്‍ പിടിച്ചുവച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്നായിരുന്നു പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിധി വായിച്ചുനോക്കാന്‍ കേരള ഗവര്‍ണര്‍ക്ക് നിര്‍ദേശവും നല്‍കി.
ഭരണഘടനാ ലംഘനം
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ബില്ലുകള്‍ പാസാക്കി ഒരുവര്‍ഷം പിന്നിട്ടിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
461 പേജുള്ള ഹര്‍ജിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വിഷയങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന സര്‍ക്കാരുകളും സമാനമായ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്നത് ഭരണഘടന നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതുതന്നെയാണ് സുപ്രീംകോടതിയും വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരുടെ നടപടികള്‍ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.