ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥികൾ എന്തിന് സമരം ചെയ്യുന്നു
ഉന്നത വിദ്യാഭ്യാസത്തിന്റെ മേഖലയിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന അനീതികളുടെ ഉദാഹരണമാണ് അമേരിക്കയിലെ Temple University യിൽ രണ്ടു മാസമായി നടക്കുന്ന സമരം. അമേരിക്കൻ സർവ്വകലാശാലകളിൽ ഗവേഷണത്തിലും അധ്യാപനത്തിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കുന്ന ബിരുദ വിദ്യാർത്ഥികളുടെ സംഘടനയാണ് സമരത്തിന്റെ പിന്നിൽ. Temple University Graduate Student Association (TUGSA) എന്ന സംഘടനയാണ് സമരത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ഈ സമരത്തിന്റെ കാര്യകാരണങ്ങളെപ്പറ്റി, അലക്‌സ് ഫിഷർ എന്ന ഗവേഷണ വിദ്യാർത്ഥി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
750ലധികം സ്റ്റുഡന്റ് വർക്കേഴ്സിനെ പ്രതിനിധീകരിക്കുന്ന, ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സ്റ്റുഡന്റ് അസോസിയേഷൻ (TUGSA) ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നടത്തുന്ന സമരം രണ്ടാം മാസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പെൻസിൽവാനിയയിലെ ഏക ബിരുദ വിദ്ധ്യാർത്ഥി യൂണിയനായ TUGSA പ്രാഥമികാവശ്യങ്ങൾക്കുള്ള പണത്തിനും അവശ്യ സാഹചര്യങ്ങളിലുള്ള അവധി, ആശ്രിതരുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം ചെയ്യുന്നത്. 1997 ൽ സ്ഥാപിതമായ TUGSA ആദ്യമായി നടത്തുന്ന സമരം പെൻസിൽവാനിയയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സ്റ്റുഡന്റ് വർക്കേഴ്സിന്റെ സമരമാണ്. റിസേർച്ച് അസിസ്റ്റന്റ്സ്, ടീച്ചിങ്ങ് അസിസ്റ്റൻസ്, റെക്കോഡ് ഇൻസ്ട്രക്ടേഴ്സ് എന്നിവർ ഉൾപ്പെടുന്ന സ്റ്റുഡന്റ് വർക്കേഴ്സിന് പ്രതിവർഷം ലഭിക്കുന്നത് 19500 ഡോളർ മാത്രമാണ്. ആവശ്യ സാഹചര്യങ്ങളിൽ അവധിയും മറ്റാനുകൂല്യങ്ങളും ടെമ്പിൾ സർവ്വകലാശാല ഭരണസമിതി അവർക്കു നിഷേധിക്കുകയാണ്.
നിലവിൽ TUGSAയുടെ ആവശ്യങ്ങൾ:
1- ശമ്പളം പ്രതിവർഷം 32,800 ഡോളർ ലഭ്യമാക്കുക. (ഇത് ഫിലാഡൽഫിയയിലെ ജീവിതച്ചെലവിന് ആവശ്യമായതിലും കുറഞ്ഞ തുക).
2- എല്ലാ ആശ്രിതർക്കും പൂർണ്ണ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രീമിയം കവറേജ് ഉറപ്പാക്കുക.
3- പ്രസവാവധിയടക്കം കുട്ടികളെ നോക്കുന്നതിന് വേണ്ടി 6 ആഴ്ച അവധി നൽകുക.
4- ഗ്രാന്റ്പാരൻസിനെ അടുത്ത ബന്ധുക്കളിൽ ഉൾപ്പെടുത്തുകയും അവരുടെ മരണാനന്തര കാര്യങ്ങളിൽ പങ്കെടുക്കുന്നതിന് അവധി നൽകുകയും ചെയ്യുക, അന്താരാഷ്ട്ര യാത്രകൾക്ക് വേണ്ടി 7 ദിവസം അവധി കൂട്ടി നൽകുക.
സെഞ്ച്വറി ഫൗണ്ടേഷൻ നടത്തിയ ഒരു പഠനത്തിൽ, ടെമ്പിൾ യൂണിവേഴ്സിറ്റി ഈടാക്കുന്ന ട്യൂഷൻ ഫീസിന്റെ ശരാശരി 0.62 ഡോളർ മാത്രമാണ് അധ്യാപന-ഗവേഷണ സഹായത്തിനായി പ്രവർത്തിക്കുന്നവരുടെ വേതനത്തിനായി നീക്കി വയ്ക്കുന്നത്. അമേരിക്കയിലെ ഏതൊരു പൊതു സർവ്വകലാശാല ചിലവഴിക്കുന്നതിനേക്കാൾ വളരെ കുറവാണ് ഈ തുക. ഏകദേശം ഒരു വർഷത്തിൽ കൂടുതലായി ടെമ്പിളിലെ ബിരുദ വിദ്യാർത്ഥികൾ ഒരു കരാർ പോലും ഇല്ലാതെ ജോലി ചെയ്യുകയാണ്. ടെമ്പിൾ അഡ്മിനിസ്ട്രേഷൻ 2022 ഫെബ്രുവരിയിൽ തന്നെ TUGSAയുമായുള്ള കരാർ സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. 2022 നവംബറോടെയാണ് TUGSA അംഗങ്ങളിൽ 99% പേരും സമരത്തിന് അംഗീകാരം നൽകിക്കൊണ്ട് വോട്ട് ചെയ്തത്. ജനുവരിയിൽ രണ്ടാഴ്ച മാത്രമാണ് ഔദ്യോഗികമായി പണിമുടക്കി കൊണ്ട് അവർ സമരം ചെയ്തത്. CBS,The Philadelphia Inquirer തുടങ്ങിയ പ്രാദേശിക മാധ്യമങ്ങളിൽ നിന്നും കവറേജ് ലഭിച്ചതു കൊണ്ട് തന്നെ ക്യാമ്പസിനകത്തും പുറത്തും സമരത്തിന് വലീയ രീതിയിലുള്ള പിന്തുണയുണ്ട്. കൂടാതെ CNN, Politico തുടങ്ങിയ കൂടുതൽ ആളുകളുടെ ശ്രദ്ധപതിയുന്ന മാധ്യമങ്ങളിലും സമരത്തെ കുറിച്ചു ലേഖനങ്ങൾ വന്നിരുന്നു. അതുകൊണ്ടു തന്നെ സമരത്തിന് ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. TUGSAക്ക് മാതൃയൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിന്റെയും (AFT) അതിന്റെ പ്രസിഡന്റ് റാൻഡി വീൻഗാർട്ടൺ, വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സ്, പെൻസിൽവാനിയ സെനറ്റർ ജോൺ ഫെറ്റർമാൻ മറ്റ് സംസ്ഥാന-പ്രാദേശിക പ്രതിനിധികൾ എന്നിവരുടെ പിന്തുണയുമുണ്ട് . എന്നാൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ സഹായങ്ങൾ ഉൾപ്പെടെ നിരോധിച്ചുകൊണ്ട് പ്രതികാര നടപടികൾ സ്വീകരിക്കുകയാണ് യുണിവേഴ്സിറ്റി ചെയ്യുന്നത്.
യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാകാറുണ്ട്. എന്നാൽ ഇപ്പോൾ സമരം ചെയ്യുന്നവർക്ക് ആ സേവനങ്ങളും മറ്റു സബ്സീഡികളും ലഭിക്കുന്നില്ല. ഫെബ്രുവരി 8 മുതൽ വിദ്യാർത്ഥികളുടെ ട്യൂഷൻ റമിഷൻ അസാധുവാക്കിയിരിക്കുകയാണ്. സമരത്തിൽ പങ്കെടുത്തതിനാൽ ട്യൂഷൻ റമിഷൻ അസാധുവാക്കിയതായി അറിയിച്ചു കൊണ്ട് യുണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് മെയിൽ അയച്ചിരുന്നു. പണിമുടക്കിയതിന് നാടുകടത്താം പിഴയടപ്പിക്കാം തുടങ്ങിയ നിയമപരമായി ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നുള്ള പ്രതികാര നടപടികളും ഭീക്ഷണിയും തുടർച്ചയായി ഉണ്ടാവുന്നുണ്ട്.
ടെമ്പിളിന്റെ പ്രതികാര നടപടികൾ തുടരുമ്പോഴും,കഴിഞ്ഞ നാലാഴ്ചയ്ക്കിടെ സമരം ശക്തമായിക്കൊണ്ടിരിക്കുന്നു, കുറഞ്ഞത് 250 സ്റ്റുഡന്റ് വർക്കേഴ്സെങ്കിലും പണിമുടക്കി. രാഷ്ട്രീയ നേതാക്കളിൽ നിന്നും മറ്റ് യൂണിയനുകളിൽ നിന്നുമുള്ള പിന്തുണയ്ക്ക് പുറമേ, ടെമ്പിളിലെ ഭൂരിഭാഗം ബിരുദ വിദ്യാർത്ഥികളും സമരത്തെ പിന്തുണയ്ക്കുന്നത് തുടരുന്നു. സമരം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ, പിക്കറ്റ് ലൈനിൽ ഞങ്ങളോടൊപ്പം ചേരാനും പ്രതിഷേധ റാലിയിൽ പങ്കെടുക്കാനും 1,000 ത്തിലധികം ബിരുദ വിദ്യാർത്ഥികൾ അവരുടെ ക്ലാസുകൾ ബഹിഷ്‌കരിച്ചു. വിദ്യാർത്ഥികളെയും വഴിയാത്രക്കാരെയും സമരത്തെ കുറിച്ചും സമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്നും അറിയിക്കുന്നതിനായി ക്യാമ്പസിൽ TUGSA യുടെ സ്ട്രൈക്ക് ക്ലാസുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിരുദ വിദ്യാർത്ഥികളുടെ പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സർവ്വകലാശാലയിലെ അധ്യാപകരിൽ നിന്നും അവരുടെ യൂണിയനിൽ നിന്നും (ടെംപിൾ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി പ്രൊഫഷണൽസ്) TUGSA പിന്തുണ നേടിയിട്ടുണ്ട്, എന്നാൽ ഭരണ തലത്തിൽ സമ്മർദ്ദം ചെലുത്താൻ ഇത് പര്യാപ്തമല്ല.
താൽക്കാലിക കരാർ നിരസിച്ചു: സമരം തുടരുന്നു
രണ്ടരയാഴ്ചത്തെ പണിമുടക്കിനും പിക്കറ്റിംഗിനും റാലിക്കും ശേഷം, ടെമ്പിൾ ഭരണസമിതി ചർച്ചകൾ തുടരാൻ സമ്മതിച്ചു. കുറച്ച് ദിവസത്തെ ചർച്ചകൾക്ക് ശേഷം, യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്ത താൽക്കാലിക കരാറിനുമേൽ ഒരു വോട്ടെടുപ്പ് നടക്കുകയുണ്ടായി. 83% വോട്ടർമാർ വോട്ട് ചെയ്തപ്പോൾ, ടെമ്പിൾ ഭരണസമിതിയുടെ ഓഫർ നിരസിച്ച് കൊണ്ട് 352ലധികം പേർ വോട്ട് ചെയ്തു, താൽക്കാലിക കരാറിൽ ഈ വർഷം ഒറ്റത്തവണ 1,000 ഡോളർ ബോണസും ആദ്യവർഷത്തേക്ക് 22,000 ഡോളർ ശമ്പളവും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഹെൽത്ത് കെയർ കവറേജ് ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. സമരം തുടരുകയാണ്. എന്നാൽ യൂണിയൻ അംഗങ്ങൾ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നതിനു മുമ്പേ ടെമ്പിൾ ഭരണസമിതി സമരം ഒത്തുതീർപ്പിലായി എന്ന തരത്തിലുള്ള തെറ്റായ പ്രചരണം നടത്തി. Piladelphia Inquirer ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു (പിന്നീടതവർ തിരുത്തി).
ചർച്ചക്ക് ശേഷം ടെമ്പിളിന്റെ സീനിയർ വൈസ് പ്രസിഡന്റ് കെൻ കൈസർ കാമ്പസിലുടനീളം ചർച്ച ഒരു ഉടമ്പടിയിൽ എത്തിച്ചേർന്നു എന്നും പണിമുടക്കുന്ന വിദ്യാർത്ഥികളെ അവരുടെ ചുമതലകളിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നു എന്ന തരത്തിലുള്ള ഇമെയിൽ അയച്ചു. TUGSA യുടെ ചർച്ചാ സംഘം മീറ്റിംഗിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഈ വാർത്ത നിഷേധിച്ചു.
(ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥിയാണ് അലക്സ് ഫിഷർ)
സ്വതന്ത്ര പരിഭാഷ: മിസ്‌രിയ ചന്ദ്രോത്ത്