ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം; ആന്ധ്രയില്‍ ടിഡിപി ബന്ദ് ആചരിക്കുന്നു
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ വ്യാപകപ്രതിഷേധം. ആന്ധ്രാപ്രദേശില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയവാഡയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന നായിഡു നിലവില്‍ രാജമന്ധ്രി സെന്‍ട്രല്‍ ജയിലിലാണ്.
സംസ്ഥാനത്ത് നിരോധനാജ്ഞ
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പോലീസ് രണ്ടുദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടം കൂടരുതെന്നും ആയുധങ്ങള്‍ കൈവശം വയ്ക്കരുതെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് ടിഡിപിയുടെ തീരുമാനം.
പ്രതികാര രാഷ്ട്രീയത്തിന്റെയും പാര്‍ട്ടി കേഡറിന് നേരെയുള്ള അതിക്രമങ്ങളുടെയും ഭാഗമായാണ് ചന്ദ്രബാബു നായിഡുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി ആരോപിക്കുന്നു. വൈഎസ്ആര്‍സിപി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കുകയാണെന്ന് പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനുശേഷം നാടകീയതയിലൂടെയാണ് ആന്ധ്ര കടന്നുപോകുന്നത്. ടിഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിക്കുന്നത്. എട്ടു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് വിജയവാഡ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ചന്ദ്രബാബുവിന് ജാമ്യം നിഷേധിച്ചത്.
കോടികളുടെ അഴിമതി ആരോപണം
നൈപുണ്യ വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള 371 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് നായിഡുവിനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്. അഴിമതി കേസിന്റെ ഗൂഢാലോചനയില്‍ നായിഡുവിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന നായിഡുവിന്റെ വാദം കോടതി തള്ളുകയായിരുന്നു.
സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് നായിഡുവിനെതിരായ കേസ്. 2021 ലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സര്‍ക്കാര്‍ 2016 ല്‍ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയുടെ മറവില്‍ സീമന്‍സ് ഇന്ത്യ എന്ന കമ്പനിക്ക് ടെന്‍ഡറോ പരിശോധനകളോ ഇല്ലാതെ 371 കോടി രൂപ അനുവദിച്ചതായും അത് വിദേശത്തെ സ്വന്തം കമ്പനികളിലേക്ക് നായിഡു കടത്തിയെന്നുമാണ് കേസ്.
ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നന്ത്യല്‍ പോലീസ് നായിഡുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞു. ഈ മാസം 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന നായിഡുവിന് വീട്ടില്‍ നിന്ന് ഭക്ഷണവും മരുന്നുകളും എത്തിക്കാമെന്ന് റിമാന്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. നായിഡുവിന് ജയിലില്‍ പ്രത്യേക മുറിയും അനുവദിച്ചിട്ടുണ്ട്.