ഇറാഖില്‍ വ്യാപക പ്രതിഷേധം; പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒന്‍പതാക്കാന്‍ ബില്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒന്‍പതാക്കി ചുരുക്കാനുള്ള കരട് നിയമത്തിനെതിരെ ഇറാഖില്‍ വ്യാപക പ്രതിഷേധം. നിലവില്‍ വിവാഹത്തിനുള്ള പ്രായം 18 ആയി നിജപ്പെടുത്തിയ വ്യക്തിഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലാണ് ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും. ഇത് ശൈശവ വിവാഹവും ചൂഷണവും ആണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് നിയമവിധേയമാക്കുന്നതിന് സമാനമായ നീക്കമാണിതെന്ന് വനിത അവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്തു. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യുനിസെഫിന്റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്. ജൂലൈ അവസാനത്തില്‍ നിരവധി നിയമ നിര്‍മാതാക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മാറ്റങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിക്കുകയായിരുന്നു. ഇറാഖില്‍ ആധിപത്യമുള്ള ഷിയ മതവിഭാഗത്തിന്റെ പിന്തുണ ലഭിച്ചതിന് ശേഷം ഓഗസ്റ്റ് 4 ന് വീണ്ടും വിവാഹ പ്രായം കുറയ്ക്കുന്നതിനുള്ള ബില്‍ കൊണ്ടുവരികയായിരുന്നു. പുതിയ നിയമപ്രകാരം വിവാഹം, വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം എന്നിവയില്‍ തീരുമാനമെടുക്കാനുള്ള അധികാരം മതനേതാക്കള്‍ക്ക് നല്‍കും.