Representational Image: PTI
രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം
രാമനവമി ആഘോഷത്തിനിടെ രാജ്യത്ത് വ്യാപക അക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഗുജറാത്ത്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ടു ചെയ്തത്.
ബിഹാറിലെ നളന്ദ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 16-കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിൽ ആഘോഷത്തിനിടെ അക്രമികൾ നിരവധി വാഹനങ്ങളും കടകളും കത്തിച്ചു, ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. സംഘർഷമുണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
പല സ്ഥലങ്ങളിലും പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് ഘോഷയാത്രകൾ നടന്നത്. ആയുധമേന്തിയ ജനക്കൂട്ടം മറ്റുള്ള മതസ്ഥരുടെ ആരാധനാലയങ്ങളുടെ മുന്നിൽ മണിക്കൂറുകളോളം നിലയുറപ്പിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നടന്ന ആഘോഷങ്ങൾക്കിടെ 700-ലധികം പേർക്ക് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു. ആയുധങ്ങളോടു കൂടിയാണ് പല സ്ഥലങ്ങളിലും ആഘോഷം നടന്നത്. ഇതിനിടയിൽ കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു.
കഴിഞ്ഞ വർഷവും രാമനവമി ആഘോഷത്തിനിടെ വ്യാപകമായ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 36 ഇടങ്ങളിലാണ് അക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മധ്യപ്രദേശിൽ അക്രമണത്തിന് വിധേയരായവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു കളഞ്ഞത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.