TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗാളില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

08 Jul 2023   |   2 min Read
TMJ News Desk

ശ്ചിമ ബംഗാളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പുതന്നെ അക്രമം ആരംഭിച്ചിരുന്നു.

പ്രശ്‌നബാധിത മേഖലയായ കൂച്ച് ബെഹാറില്‍ അക്രമികള്‍ പോളിങ് ബൂത്ത് തകര്‍ത്തു. ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു. മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നുപേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അക്രമം അരങ്ങേറുകയായിരുന്നു. 

ബുള്ളറ്റും ബാലറ്റും തമ്മിലെ പോരാട്ടം

ട്വിറ്ററിലൂടെയാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചത്. രെജിനഗര്‍, തുഫാന്‍ഗന്‍ജ്, ഖര്‍ഗ്രാം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് വെടിയേറ്റതായും പറയുന്നു. 

ബിജെപിയും, കോണ്‍ഗ്രസും, സിപിഎമ്മും സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. 'ആവശ്യമായ ഘട്ടത്തില്‍ കേന്ദ്രസേന എവിടെയാണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സേനയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന്' തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നന്ദിഗ്രാമില്‍ കേന്ദ്രസേന വോട്ടര്‍മാരോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

പോളിങ് ബൂത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ബിജെപി പോളിങ് ഏജന്റ് മദ്ഹബ് ബിശ്വാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് അക്രമത്തിനു കാരണമെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോണപം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹായിയായ രാജീവ് സിന്‍ഹ പാര്‍ട്ടിയുടെ പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. 

സംഘര്‍ഷങ്ങള്‍ക്കിടെ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് വിവിധ സ്ഥലങ്ങളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ബുള്ളറ്റും ബാലറ്റും തമ്മിലുള്ള പോരാട്ടമാണെന്ന് തിരഞ്ഞെടുപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചു. ജനാധിപത്യത്തിലെ ഭയപ്പെടുത്തുന്ന ദിനമെന്നും അദ്ദേഹം പ്രതികരിച്ചു. 

ലക്ഷ്യം വിജയം മാത്രം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് അക്രമം വ്യാപകമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതു മുതല്‍ 23 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 65,000 കേന്ദ്ര സേനാംഗങ്ങളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9,730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. 5.67 കോടി വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പില്‍ ജയിക്കുക മുന്നണികള്‍ക്ക് മുന്നിലെ കടമ്പയാണ്. അതും അക്രമത്തിനു കാരണമായി. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനം സീറ്റും നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇതിനെതിരെ സിപിഎം-കോണ്‍ഗ്രസ് സഖ്യം കനത്ത പ്രചരണമാണ് നടത്തിയത്. ജില്ലാ പരിഷത്തില്‍ തൃണമൂല്‍ 793 സീറ്റില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് 22 സീറ്റ് മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസ് ആറ് സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു.


#Daily
Leave a comment