വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലിലെ 1901 ദിവസത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് മോചനം. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനാണ് അസാന്‍ജിനെ തടവിലാക്കുന്നത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം അസാന്‍ജ് സമ്മതിച്ചതുകൊണ്ടാണ് ജയില്‍ മോചിതനായതെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ഏപ്രില്‍ മുതലാണ് അദ്ദേഹത്തെ തടവിലാക്കിയത്.
അഞ്ച് വര്‍ഷത്തെ ജയില്‍വാസം
ജൂലിയന്‍ പോള്‍ അസാന്‍ജ് 2006 ലാണ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. 2010 ലാണ് അമേരിക്കയുടെ പ്രതിരോധ രേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവിടുന്നത്. അമേരിക്കന്‍ സൈനിക രഹസ്യങ്ങളടക്കം പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പതിനെട്ട് കേസുകളാണ് അസാന്‍ജിനെതിരെയുള്ളത്. അഞ്ച് ലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍, വിവിധ രാജ്യങ്ങളിലായി അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനങ്ങള്‍, റിപ്പോര്‍ട്ടുകള്‍, എന്നിവ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് എഴ് വര്‍ഷം ജയിലില്‍ കിടന്ന മുന്‍ ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിംഗുമായി അസാന്‍ജ് ഗൂഢാലോചന നടത്തിയെന്നായിരുന്നു യുഎസ് വാദം. ബെല്‍മാര്‍ഷ് ജയിലില്‍ നിന്നും മോചിതനായ അസാന്‍ജിനെ ബുധനാഴ്ച സായ്പാനിലെ കോടതിയില്‍ ഹാജരാക്കും.