
പാലക്കാട് കാട്ടാന ആക്രമണം; പരിക്കേറ്റ വയോധികന്‍ മരിച്ചു
പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഇന്നലെ ഉച്ചയോടെ ചീരക്കടവിലെ വനമേഖലയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തിന് ഇരയായ മല്ലന്‍ (75) ആണ് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്.
പശുവിനെ മേയ്ക്കാനായി വീട്ടില്‍നിന്ന് പോയ മല്ലനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു. മല്ലന്റെ വാരിയെല്ലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുമ്പിക്കൈ കൊണ്ട് തട്ടേറ്റ മല്ലന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു.
ചെവികേള്‍വിക്കുറവുള്ള മല്ലന്‍ വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ പശുവിനെ മേയ്ച്ചു കൊണ്ട് നിന്നപ്പോള്‍ പിന്നിലൂടെ വന്ന കാട്ടാനക്കൂട്ടത്തിലെ ആനയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
മല്ലന്റെ നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും വനംദ്രുത പ്രതികരണ സംഘവും ചേര്‍ന്ന് കാട്ടാനകളെ ഓടിച്ചശേഷം അദ്ദേഹത്തെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


