REPRESENTATIONAL IMAGE: WIKI COMMONS
കാട്ടുതീയില്‍ വെന്ത് കാനഡയും സ്‌പെയിനും; പതിനായിരങ്ങളെ ഒഴിപ്പിച്ചു
അമേരിക്കയിലെ ഹവായിക്കു പിന്നാലെ സ്‌പെയിനിലും കാനഡയിലും കാട്ടുതീ പടരുന്നു. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനമാണ് ലോകത്താകമാനം ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാനഡയിലെ വടക്കന്‍ നഗരമായ യെല്ലോനൈഫിനു സമീപമാണ് കാട്ടുതീ പടര്‍ന്നത്. 20,000 പേരെ ഒഴിപ്പിച്ചു. സ്‌പെയിനിലെ കാനറി ദ്വീപില്‍ 30 കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്ന കാട്ടുതീയില്‍ ആയിരക്കണക്കിന് ഏക്കര്‍ കത്തിനശിച്ചു. 7,600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, ഹവായ് മൗവിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി.
താറുമാറാകുന്ന കാലാവസ്ഥ
കാനഡയിലെ യെല്ലോനൈഫില്‍ ആകെ 46,000 ആളുകള്‍ മാത്രമാണുള്ളത്. ഇതിന്റെ 65 ശതമാനം പേരെയും ഒഴിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കാട്ടുതീ ഭീതിയില്‍ പലരും വിമാനമാര്‍ഗവും റോഡു മാര്‍ഗവും സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. വടക്കന്‍ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് യെല്ലോനൈഫ്. യെല്ലൈാനൈഫില്‍ നിന്നു 16 കിലോമീറ്റര്‍ അകലെയാണു തീ പടര്‍ന്നതെങ്കിലും വരണ്ട കാലാവസ്ഥ ആശങ്ക ഉയര്‍ത്തുകയാണ്. കൂടാതെ വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തമായ സ്വാധീനവും തീ പടരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാ സേനയുടെയും ദ്രുതകര്‍മസേനയുടെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 5,783 കാട്ടുതീയാണ് കാനഡയിലുണ്ടായത്. ഇതില്‍ ആയിരത്തിലധികം ഇടങ്ങളില്‍ ഇപ്പോഴും തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല. ഈ വര്‍ഷം മാത്രം 1.37 കോടി ഹെക്ടര്‍ കാടാണ് കത്തിനശിച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ കാട്ടുതീ വ്യാപകമാണ്. ചൂടു കൂടുന്നതും, അന്തരീക്ഷതാപനില ഉയരുന്നതിനൊപ്പം ശക്തമായ കാറ്റും കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നുകയറാന്‍ ഇടയാക്കുന്നു.
സ്‌പെയിനിലെ കാനറി ദ്വീപില്‍ 30 കിലോമീറ്ററില്‍ ആളിപ്പടര്‍ന്ന കാട്ടുതീ പര്‍വതപ്രദേശം കേന്ദ്രീകരിച്ചാണ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള ചൂടുള്ളതും വരണ്ടതുമായ കാറ്റ് സ്‌പെയിനിലെ താപനില ഉയരുവാനും ഉഷ്ണതരംഗത്തിനും ഇടയാക്കിയതാണ് കാട്ടുതീക്കു കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി സ്‌പെയിന്‍ ചുട്ടുപൊള്ളുകയാണ്. സ്‌പെയിനില്‍ തുടര്‍ച്ചയായ 36 വര്‍ഷവും കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചത്.
വരും വര്‍ഷങ്ങളിലും കാട്ടുതീ കൂടുതല്‍ വ്യാപകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനവും കാട്ടുതീ ഉണ്ടാകാന്‍ കാരണമാകുന്നു. മുന്‍കാലങ്ങളില്‍ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിലേക്ക് കാട്ടുതീ അപൂര്‍വമായാണ് പടര്‍ന്നിരുന്നത്. എന്നാല്‍ വനനശീകരണം മൂലം കാട്ടുതീ വ്യാപകമായി.