TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

കാനഡയിലെ കാട്ടുതീ: പുകയില്‍ മൂടി ന്യൂയോര്‍ക്ക്

08 Jun 2023   |   2 min Read
TMJ News Desk

കാനഡയില്‍ കാട്ടുതീ രൂക്ഷമായതോടെ ന്യൂയോര്‍ക്ക് നഗരം പുകയില്‍ വലയുകയാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലായി. കനേഡിയന്‍ കാട്ടുതീയില്‍ നിന്നുള്ള പുക യുഎസ് ഈസ്റ്റ് കോസ്റ്റിലേക്കും മിഡ്‌വെസ്റ്റിലേക്കും പടര്‍ന്നു.ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയില്‍ ന്യൂയോര്‍ക്ക് നഗരം ഒന്നാമതെത്തി.

നഗരം പുക മൂടിയതോടെ വിമാനസര്‍വീസുകളും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. വായുമലിനീകരണവുമായി ബന്ധപ്പെട്ട് 13 ഓളം സംസ്ഥാനങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ തെരുവുകളുടെ നിറം ഓറഞ്ചായി മാറി. മലിനീകരണം ഏകദേശം 115 മില്യണ്‍ ജനങ്ങളെ ബാധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാക്കും

ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടുത്തമുണ്ടായത്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.

ജനങ്ങളോട് വീടിനുള്ളില്‍ തുടരണമെന്നും എന്‍ 95 മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീടിനു പുറത്തിറങ്ങുന്നത് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഈ ആഴ്ച അവസാനം വരെ അപകടകരമായ സാഹചര്യം നിലനില്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അമേരിക്ക അപകടകരമായ വായുമലിനീകരണത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കാട്ടുതീ ശമിപ്പിക്കാന്‍ കാനഡയ്ക്ക് പിന്തുണയുമായി യുഎസും രംഗത്തുള്ളതായി ബൈഡന്‍ പറഞ്ഞു. 600 ഓളം ഫയര്‍ എന്‍ജിനുകളും ജീവനക്കാരും യുഎസ്, കാനഡയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ബൈഡന്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് മുന്‍കരുതലുകള്‍ എടുക്കണമെന്ന് മേയര്‍ എറിക് ആഡംസും മുന്നറിയിപ്പുകള്‍ നല്‍കി. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 484 ല്‍ എത്തിയതായി അദ്ദേഹം അറിയിച്ചു. പരമാവധി 500 ആണ്. സര്‍ക്കാരിന്റെ വായു ഗുണനിലവാര സൂചിക പ്രകാരം 300 നു മുകളില്‍ എത്തിയാല്‍ തന്നെ അപകടകരമായി കണക്കാക്കപ്പെടും. നിലവിലെ സ്ഥിതിവിശേഷം കുറച്ചുനാളുകള്‍ നീണ്ടുനിന്നേക്കുമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മീഷണര്‍ സാച്ച് ഇസ്‌കോള്‍ വ്യക്തമാക്കി.

കാരണം കാലാവസ്ഥയിലെ മാറ്റം

കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ കാട്ടുതീ സാധാരണമാണ്. പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് കാനഡ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 9.4 ദശലക്ഷം ഏക്കര്‍ വനം കത്തിനശിച്ചു. ക്യുബെക് പ്രവിശ്യയിലാണ് കാട്ടുതീ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടുത്തം ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനംമൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ കാട്ടുതീ വ്യാപകമാണ്. ചൂടു കൂടുന്നതും, അന്തരീക്ഷതാപനില ഉയരുന്നതിനൊപ്പം ശക്തമായ കാറ്റും കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ ഇടയാക്കുന്നു.

കാനഡയുടെ വിവിധ ഭാഗങ്ങളിലെ കാട്ടുതീയില്‍ നിന്നുള്ള പുക കഴിഞ്ഞ മാസം മുതല്‍ അമേരിക്കയിലേക്ക് പടരുന്നുണ്ടായിരുന്നു. കാനഡയുടെ തലസ്ഥാനമായ ഒട്ടാവ നഗരത്തില്‍ പടര്‍ന്ന പുക വളരെ കട്ടിയുള്ളതായിരുന്നു. ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ അറ്റ്‌ലാന്റിക് പ്രദേശങ്ങളിലും മഴ ലഭിച്ചാല്‍ ഒരുപരിധിവരെ വായു മലിനീകരണത്തെ തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


#Daily
Leave a comment