
ലോസ് ആഞ്ചലസിലെ കാട്ടുതീ; 24 മരണം, 16 പേരെ കാണാതായി
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നുളള അപകടത്തില്‍ 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 16 പേരെ കാണാതായി. മരിച്ചവരില്‍ അഞ്ച് പേരെ പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും 11 പേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇതിനോടകം ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും 12,000 ത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചതായുമാണ് റിപ്പോര്‍ട്ട്.
ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ചലസിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. പസഫിക് പാലിസേഡ്സ്, അല്‍തഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്ട്. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വരണ്ട കാലാവസ്ഥയാണ് തീപടരാനുണ്ടായ പ്രധാന കാരണം.
അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാല്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.