
ആണവ കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഇറാനില്‍ ബോംബിടും: ട്രംപ്
ആണവ കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ഇറാനില്‍ ബോംബിടുകയും ദ്വിതീയ തീരുവകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കഴിഞ്ഞയാഴ്ച്ച ഇറാന്‍ പറഞ്ഞിരുന്നു.
അവര്‍ കരാറിലേര്‍പ്പെട്ടില്ലെങ്കില്‍, ബോംബിടുമെന്ന് ട്രംപ് എന്‍ബിസി ചാനലിനോട് പറഞ്ഞു. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബിടല്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
കൂടാതെ, ദ്വിതീയ താരീഫുകളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് സമ്മര്‍ദ്ദ തന്ത്രവും സൈനിക ഭീഷണിയും പയറ്റുമ്പോള്‍ അവരുമായി നേരിട്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയില്ലെന്നതാണ് തങ്ങളുടെ നയമെന്ന് ഇറാന്‍ ഒമാന്‍ വഴി യുഎസിന് കൈമാറിയ കത്തില്‍ പറയുന്നു.
ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഞായറാഴ്ച്ച നയം ആവര്‍ത്തിച്ചു. ഇറാന്‍ എല്ലായ്‌പ്പോഴും പരോക്ഷമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇപ്പോഴും അത് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളുടെ മേല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ട്. വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേല്‍ ഇത്തരം ദ്വിതീയ തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞയാഴ്ച്ച ഒപ്പുവച്ചിരുന്നു.
2015ല്‍ ഇറാനും ലോകശക്തികളും തമ്മില്‍ ഒപ്പുവച്ചിരുന്ന കരാറില്‍ നിന്നും 2017-21ലെ ആദ്യ ഭരണകാലത്ത് ട്രംപ് പിന്‍മാറിയിരുന്നു.


