
പുടിനെ വിളിക്കും; രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടും: ട്രംപ്
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഫോണ്‍ വിളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ പുടിനുമായി സംസാരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തുടര്‍ന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ഏതാനും നാറ്റോ നേതാക്കളുമായും സംഭാഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തിനുശേഷം റഷ്യയും യുക്രെയ്‌നും തമ്മില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍വച്ച് നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായില്ല. എന്നാല്‍, ഭീകരരെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും സമ്മതിച്ചു.
പുടിന്‍ തുര്‍ക്കിയില്‍ വന്നാല്‍ താനും അവിടെയെത്തുമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പുടിന്‍ തുര്‍ക്കിയിലെത്തിയില്ല.
താനും പുടിനും നേരിട്ട് ചര്‍ച്ചകള്‍ നടത്തിയാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതി ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
തിങ്കളാഴ്ച്ച പുടിനും ട്രംപും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.


