TMJ
searchnav-menu
post-thumbnail

TMJ Daily

ക്രെഡിറ്റ്‌ സ്യൂസെ തകര്‍ച്ചയെ അതിജീവിക്കുമോ?

16 Mar 2023   |   2 min Read
TMJ News Desk

ഗോള ബാങ്കിംഗ്‌ രംഗത്തെ മുഖ്യ സ്ഥാപനങ്ങളിലൊന്നായ ക്രെഡിറ്റ്‌ സ്യൂസെ തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്തകള്‍ ധനവിപണികളെ വീണ്ടും മുള്‍മുനയിലാക്കി. സ്വിറ്റ്‌സര്‍ലണ്ടില്‍ 1856 ല്‍ സ്ഥാപിതമായ 167 വര്‍ഷം പഴക്കമുള്ള ഈ മുന്‍നിര ധനകാര്യ സ്ഥാപനത്തില്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ ഇനി സാധ്യമല്ലെന്ന ബാങ്കിന്റെ നിലവിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ സൗദി നാഷണല്‍ ബാങ്ക്‌ ബുധനാഴ്‌ച്ച വെളിപ്പെടുത്തിയതോടെ ആശങ്കകള്‍ രൂക്ഷമായി. 10 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്‌ക്കുവാന്‍ ഒരു നിക്ഷേപകന്‌ സാധ്യമല്ലെന്ന സാങ്കേതിക ന്യായമാണ്‌ സൗദി നാഷണല്‍ ബാങ്കിന്റെ ചെയര്‍മാനായ അമ്മര്‍ അല്‍ ഖുദിയറി (Ammar Al Khudairy) കാരണമായി പറഞ്ഞതെങ്കിലും ക്രെഡിറ്റ്‌ സ്യൂസെയുടെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്ന ഒന്നായി പ്രസ്‌തുത തീരുമാനത്തെ വിലയിരുത്തപ്പെടുന്നു. ക്രെഡിറ്റ്‌ സ്യൂസെയുടെ ഓഹരി വിലയില്‍ ബുധനാഴ്‌ച്ച 17 ശതമാനം ഇടിവ്‌ രേഖപ്പെടുത്തി.

ക്രെഡിറ്റ്‌ സ്യൂസെയാണ്‌ അടുത്തതായി തകരാന്‍ പോകുന്ന ബാങ്കെന്നു ആഗോള ധനവിപണികളിലെ നിക്ഷേപക ഗുരുക്കളില്‍ പ്രമുഖനും എഴുത്തുകാരനുമായ റോബര്‍ട്ട്‌ കിയോസാക്കി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 2008 ല്‍ ലെഹ്‌മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയെ കൃത്യമായി പ്രവചിച്ച വ്യക്തിയാണ്‌ കിയോസാക്കി. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക്‌ ഇടയാക്കിയ കടപ്പത്ര വിപണിയിലെ പ്രതിസന്ധി ക്രെഡിറ്റ്‌ സ്യൂസെയും ബാധിക്കുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. കടപ്പത്രത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നു വിലയിരുത്തിയ കിയോസാക്കിയുടെ അഭിപ്രായത്തില്‍ അമേരിക്ക "ഗുരുതരമായ കുഴപ്പത്തില്‍" ‌ അകപ്പെട്ടിരിക്കുകയാണ്‌.

നാണയപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍ പലിശനിരക്ക്‌ ഉയര്‍ത്തുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ നയമാണ്‌ ഇപ്പോഴത്തെ കുഴപ്പങ്ങളുടെ പ്രധാന കാരണം. ക്വാണ്ടിറ്റേറ്റീവ്‌ ഈസിംഗ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഉദാരമായ ധനനയമാണ്‌ 2022 വരെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ സ്വീകരിച്ചിരുന്നത്‌. അതായത്‌ പലിശനിരക്ക്‌ ഏതാണ്ട്‌ പൂജ്യമെന്ന അവസ്ഥ. 2007-08 ലെ തകര്‍ച്ചയിലും മാന്ദ്യത്തിലും നിന്നും കരകയറാനെന്ന മട്ടില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ശതകോടികള്‍ സഹായമായി നല്‍കുന്നതായിരുന്നു ഈ നയം. ഉദാര ധനനയത്തിന്റെ ഭാഗമായി ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ പണം ബാങ്കുകള്‍ അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കുക സാധാരണമായിരുന്നു. സുരക്ഷിതത്വത്തിന്‌ പുറമെ 4 ശതമാനം ആദായവും ലഭിക്കുന്ന ഏര്‍പ്പാടായിരുന്നു ട്രഷറി ബോണ്ടിലെ നിക്ഷേപം. എന്നാല്‍ 2022 ന്റെ തുടക്കം മുതല്‍ ഫെഡറല്‍ റിസര്‍വ്‌ പലിശ നിരക്ക്‌ ഉയര്‍ത്താന്‍ തുടങ്ങിയതോടെ സംഗതികള്‍ മാറാന്‍ തുടങ്ങി. പലിശനിരക്ക്‌ ഉയരാന്‍ തുടങ്ങിയതോടെ ബോണ്ടുകളുടെ മൂല്യം ദുര്‍ബലമായി. ബോണ്ടുകളില്‍ വന്‍നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കുകളുടെ സ്ഥിതി അതോടെ പരുങ്ങലിലാവുന്ന സ്ഥിതിയായി. അപകടം മണത്തവര്‍ ബാങ്കുകളില്‍ നിന്നും തങ്ങളുടെ നിക്ഷേപം വ്യാപകമായി പിന്‍വലിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥയിലായി. എസ് വി ബിയില്‍ സംഭവിച്ചത്‌ അതാണ്‌.

സമാനമായ പ്രകിയ ക്രെഡിറ്റ്‌ സ്യൂസെയില്‍ സംഭവിക്കുന്ന പക്ഷം അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരതരമായിരിക്കുമെന്ന ആശങ്കകള്‍ അസ്ഥാനത്തല്ല. ആഗോള ബാങ്കിംഗ്‌ മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള രാജ്യമായ സ്വിറ്റ്‌സര്‍ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കാണ്‌ ക്രെഡിറ്റ്‌ സ്യൂസെ. 2022 ജൂണിലെ കണക്കുകള്‍ പ്രകാരം സൂറിക്കില്‍ ആസ്ഥാനമുള്ള ബാങ്കിന്റെ മൊത്തം ആസ്‌തി 752 ബില്യണ്‍ ഡോളറാണ്‌. ലോകത്തിലെ പ്രമുഖ ധനകാര്യ വിപണികളില്‍ സാന്നിദ്ധ്യമുള്ള ക്രെഡിറ്റ്‌ സ്യൂസെയുടെ വീഴ്‌ച്ച എസ് വി ബി പോലെയാവില്ലെന്നു ആശങ്കയിലാണ്‌ വിപണികള്‍. ക്രെഡിറ്റ്‌ സ്യൂസെ സ്വിറ്റ്‌സര്‍ലണ്ടിലെ ധനകാര്യ മേഖലയുടെ നോക്കി നടത്തിപ്പുകരായ FINMA യുടെയും Swiss National Bank ന്റെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. മാര്‍ക്കറ്റ്‌ ക്യാപിറ്റലൈസേന്‍ പ്രകാരം 2007 ല്‍ ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ പബ്ലിക്‌ ഉടമസ്ഥതയിലുള്ള ബാങ്കായിരുന്നു ക്രെഡിറ്റ്‌ സ്യൂസെ. ഇപ്പോള്‍ അതിന്റെ സ്ഥാനം 155 ആണെന്നു ഫിനാന്‍ഷ്യല്‍ ടൈംസ്‌ പത്രം പറയുന്നു.


#Daily
Leave a comment