
നൊബേൽ സമ്മാനം ഒരിക്കലും ലഭിക്കില്ല; ട്രംപ്
ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിച്ചത് ഉൾപ്പടെ എന്തു ചെയ്താലും സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക് ഒരിക്കലും ലഭിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പാകിസ്താൻ അദ്ദേഹത്തിനെ നാമനിർദ്ദേശം ചെയ്തതിനു പിന്നാലെയാണ് ഈ പരാമർശം. ഇൻഡോ-പാക് മേഖലയിലടക്കം പല പ്രദേശങ്ങളിലും സമാധാനം സ്ഥാപിക്കാൻ താൻ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് ട്രംപ് ഒരു പോസ്റ്റിൽ പരാമർശിച്ചു.
ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മെയ് മാസത്തിൽ ഉണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് സ്വയം പ്രശംസിക്കാൻ അദ്ദേഹം വീണ്ടും ഈ അവസരം ഉപയോഗിച്ചു.
"ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല. സെർബിയയും, കൊസോവോയും തമ്മിലുള്ള യുദ്ധം നിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല. ഈജിപ്തിനും, എത്യോപ്യയ്ക്കും ഇടയിൽ സമാധാനം നിലനിർത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല (അമേരിക്കൻ ധനസഹായത്തോടെ നിർമ്മിച്ച ഒരു വലിയ എത്യോപ്യൻ അണക്കെട്ട്, നൈൽ നദിയിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറയ്ക്കുന്നു)," ട്രംപ് പറഞ്ഞു, പശ്ചിമേഷ്യയിൽ 'അബ്രഹാം ഉടമ്പടികൾ' നടപ്പിലാക്കിയതിനും തനിക്ക് അവാർഡ് ലഭിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


