
തരൂരുമായി കൊമ്പുകോര്‍ക്കാനോ വഴക്കിടാനോയില്ല: വി ഡി സതീശന്‍
കേരളത്തിലെ വ്യവസായ സംരംഭങ്ങള്‍ സംബന്ധിച്ച് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന വാദവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം എസ് എം ഇകള്‍ വലിയ തോതില്‍ വര്‍ധിച്ചെന്നാണ് പറഞ്ഞത്. 3,55,000 സംരംഭങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് പറഞ്ഞത്. 2021-ല്‍ എം എസ് എം ഇയുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍ എന്നുകൂടി ചേര്‍ത്തു. അത് എല്ലാ സംസ്ഥാനത്തും മാറ്റമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ 2020-21-ല്‍ 65174 സംരംഭങ്ങള്‍ 2021-22 ല്‍ 1,47,000 ആയി വര്‍ധിച്ചു. നിലവല്‍ 6,78,000 സംരംഭങ്ങളാണ് അവിടെയുള്ളത്. കര്‍ണാടകത്തില്‍ 1,52,000 ഉണ്ടായിരുന്നത്, നിര്‍വചനം മാറ്റിയപ്പോള്‍ 314000 ആയി. ഇപ്പോള്‍ 6,76,000 ആണെന്ന് പ്രതിപക്ഷ നേതാവ്.
സംരംഭങ്ങളൊക്കെ പാവപ്പെട്ടവന്‍ ലോണെടുത്ത് തുടങ്ങുന്ന പെട്ടിക്കടകളും പലചരക്ക് കടകളും പച്ചക്കറിക്കടകളും ബാബര്‍ഷോപ്പും ബേക്കറിയും വര്‍ക് ഷോപ്പും ഉള്‍പ്പെടെയുള്ളവയാണ്. ഇതൊക്കെ സര്‍ക്കാരിന്റെ ക്രെഡിറ്റിലേക്ക് എങ്ങനെയാണ് പോകുന്നത്? ഇതൊക്കെ എല്ലാക്കാലത്തും ഉണ്ടായിരുന്നതല്ലേ? ഇത്തരത്തില്‍ തുടങ്ങുന്ന എത്ര സംരംഭങ്ങള്‍ പൂട്ടിപ്പോകുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ പഠിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ വ്യാപാരവും മാളുകളും വന്നതോടെ ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയാണ്. എന്നിട്ടാണ് സംസ്ഥാനത്ത് 3,55,000 കൊണ്ടു വന്നെന്ന് പറയുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ കോവിഡ് കാലത്തേതു പോലെ ജനങ്ങളെ ഇവര്‍ കബളിപ്പിക്കും. ലോകത്ത് ഏറ്റവും മനോഹരമായി കോവിഡിനെ കൈകാര്യം ചെയ്ത സംസ്ഥാനമെന്ന നറേറ്റീവ് ഇവരുണ്ടാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് അതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനവുമായിരുന്നു കേരളം.
പ്രതിപക്ഷം സര്‍ക്കാരുമായി പോരാടുന്ന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി ശശി തരൂര്‍ ലേഖനം എഴുതിയപ്പോള്‍ അതിലെ കണക്കുകള്‍ ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. അത് തെളിയിക്കുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പിലെ എക്കോസിറ്റം മൂല്യം കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ മോശമാണ്.
1.7 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ്. അതേസമയം കര്‍ണാടകത്തിന്റേത് 1590 കോടിയാണ്. കേരളം ഉണ്ടാക്കിയ 1.7 ബില്യണ്‍ യു.എസ് ഡോളറില്‍ ഒരു ബില്യന്‍ ഡോളറും ഒരു കമ്പനിയുടേതാണ്. 254 ശതമാനം വളര്‍ച്ചയെ കുറിച്ച് പറഞ്ഞതും ഒരു കമ്പനിയെയാണ്. ആ കമ്പനിയുടെ ക്ലയിന്റാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍.
ശശി തരൂരുമായി കൊമ്പുകോര്‍ക്കാനോ വഴക്കിടാനോയില്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്. അദ്ദേഹത്തെ ശാസിക്കാനോ തിരുത്താനോ ഉള്ള ശേഷിയുള്ളവരല്ല തങ്ങളെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹവുമായി ഒരു തര്‍ക്കത്തിലും ഞങ്ങള്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വം ഒരു വിഷയത്തിലും ഐക്യമില്ലായ്മ കാട്ടിയിട്ടില്ല. എല്ലാവരുമായും ആലോചിച്ചിട്ടാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഓരോ വാര്‍ത്തകല്‍ വരുന്നതിന് എന്ത് ചെയ്യാന്‍ പറ്റും. ചില മാധ്യമങ്ങളില്‍ എല്ലാ ദിവസവും വാര്‍ത്തകളാണ്. മാധ്യമങ്ങള്‍ തലക്കെട്ടിനു വേണ്ടിയാണ് സംസാരിക്കുന്നത്. ശശി തരൂരിനെതിരെ വി ഡി സതീശന്‍ എന്ന് വരുത്താനാണ് ശ്രമമെന്ന് സതീശന്‍ ആരോപിച്ചു.
'അത് എന്റെ കയ്യില്‍ നിന്നും കിട്ടില്ല. ഞാന്‍ അദ്ദേഹത്തിന് എതിരല്ല. അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയിപ്പിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്ത ആളാണ് ഞാന്‍. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് സ്റ്റാര്‍ട്ടപ് മിഷന്റെ കണക്കാണ്. അത് തെറ്റാണെന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. 2015 ലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ് ആരംഭിച്ചത്. എന്നിട്ടാണ് യു.ഡി.എഫിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇല്ലെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചല്ലോ,' സതീശന്‍ പറഞ്ഞു.
ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും. പണ്ട് യു.ഡി.എഫ് ഭരണകാലത്ത് ഇന്‍വെസ്റ്റേഴ്സ് മീറ്റ് നത്തിയപ്പോള്‍ കേരളത്തെ വില്‍പനയ്ക്ക് വച്ചിരിക്കുന്നുവെന്നാണ് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വില്‍ക്കാന്‍ പോകുന്നു എന്നുവരെ പറഞ്ഞു. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നത് കേരളത്തിന്റെ ആഗ്രഹമാണ്. നവകേരള സദസ് പോലുള്ള രാഷ്ട്രീയ കാമ്പയിനുകളാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത്. കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് വേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രതിപക്ഷം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.