റബ്ബറിന് 300 രൂപ ലഭ്യമാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കും
റബ്ബറിന് കിലോയ്ക്ക് 300 രൂപ ലഭ്യമാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പംപ്ലാനി തന്റെ നിലപാടില്‍ നേരിയ മാറ്റം വരുത്തി. കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ വിഷയമാണ് താന്‍ ഉന്നയിച്ചതെന്നും അതിനെ ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു ഞായറാഴ്ച്ച വിവിധ മാധ്യമങ്ങളുമായുള്ള പ്രതികരണങ്ങളില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കര്‍ഷകര്‍ക്കു വേണ്ടി സംസാരിക്കരുതെന്ന് ആരും ഉത്തരവ് ഇടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ ആലക്കോടില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ്സ് റാലിയെ അഭിസംബോധന ചെയ്യവേയാണ് ആര്‍ച്ച് ബിഷപ്പ് പംപ്ലാനി റബര്‍വില 300 ആയി ഉയര്‍ത്തുന്ന പക്ഷം ബിജെപിയെ വിജയിപ്പിക്കുമെന്ന തരത്തില്‍ പ്രസംഗിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലെന്ന തത്വം ഒര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ബിജെപിയുമായുള്ള വിലപേശലിന്റെ കാര്യം വിശദീകരിച്ചത്.
ആര്‍ച്ച് ബിഷപ്പ് പംപ്ലാനിയുടെ പ്രസ്താവന കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ വ്യത്യസ്തങ്ങളായ പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ പ്രസ്താവനയെ അപലപിച്ചപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അത് മാറ്റത്തിന്റെ സൂചനയാണെന്ന് അഭിപ്രായപ്പെട്ടു. ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയ-പൊതു മണ്ഡലങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നു കരുതപ്പെടുന്നു.