നൊവാക് ജോക്കോവിച്ച് | PHOTO: WIMBLEDON
വിംബിൾഡണ്ണിന് തുടക്കം, ഇരുപത്തി നാലാം ഗ്രാൻഡ്സ്ലാമിനായി ജോക്കോവിച്ച്
ലോകത്തിലെ പ്രധാന ടെന്നീസ് ടൂർണമെന്റുകളിൽ ഒന്നായ വിംബിൾഡൺ തിങ്കളാഴ്ച ആരംഭിക്കുമ്പോൾ കണ്ണും കാതും ജോക്കോവിച്ചിലേക്കാണ്. കരിയറിൽ ഇരുപത്തി മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സെർബിയൻ താരം തന്റെ ഇരുപത്തി നാലാം കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇത്തവണത്തെ വിംബിൾഡൺ കിരീടം കൂടി നേടിയാൽ എട്ട് വിംബിൾഡൺ കിരീടങ്ങളാവും ജോക്കോവിച്ചിന്.
ഈ വർഷത്തെ ഫ്രഞ്ച്, ഓസ്ട്രേലിയൻ ഓപ്പണുകൾ വിജയിച്ച് നിൽക്കുന്ന ജോക്കോവിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരം എന്ന റെക്കോർഡിനുടമ കൂടിയാണ്. റാഫേൽ നദാൽ, റോജർ ഫെഡറർ എന്നിവരാണ് തൊട്ട് പിന്നിൽ. ഇരുപത്തി രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സ്പാനിഷ് താരം റാഫേൽ നദാലിന്റെ റെക്കോർഡ് കട പുഴക്കിയ ജോക്കോവിച്ച് ഇപ്പോൾ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്. ഇത്തവണത്തെ വിംബിൾഡൺ കിരീടവും ഇനി വരുന്ന യു.എസ് ഓപ്പണും കൂടി വിജയിച്ചാൽ ഈ സീസണിലെ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ജോക്കോവിച്ചിന് തന്റെ പേരിലാക്കാം. കഴിഞ്ഞ നാല് വർഷമായി ജോക്കോവിച്ച് വിംബിൾഡണ്ണിൽ തന്റെ അപരാജിത കുതിപ്പ് തുടരുകയാണ്. 2017 ലാണ് ജോക്കോവിച്ച് അല്ലാതെ മറ്റൊരു താരം അവസാനമായി വിംബിൾഡൺ നേടുന്നത്. സ്വിസ് താരം റോജർ ഫെഡറർ ആയിരുന്നു ആ വർഷത്തെ വിജയി.
'എന്റെ യാത്ര അവസാനിച്ചിട്ടില്ല' - നൊവാക് ജോക്കോവിച്
'എന്റെ യാത്ര അവസാനിച്ചിട്ടില്ല' ഇപ്പോഴും കിരീടങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ജോക്കോവിച്ച് വിരമിക്കലിനെ പറ്റി സംസാരിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിത്. താൻ ഇനിയും കിരീടങ്ങൾ നേടും എന്ന് ജോക്കോ ഉറച്ച് വിശ്വസിക്കുന്നു.ഫസ്റ്റ് റൗണ്ട് മത്സരങ്ങൾ ആരംഭിക്കുമ്പോൾ തന്റെ ആദ്യ മത്സരത്തിനായി ജോക്കോവിച്ചും ഇന്നിറങ്ങും. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ജോക്കോവിച്ച് ഇറങ്ങുമ്പോൾ അർജന്റീനയുടെ പെഡ്രോ കാഷിനാണ് ജോക്കോയുടെ ആദ്യ റൗണ്ടിലെ എതിരാളി. പരിക്ക് കാരണം റാഫേൽ നദാൽ മത്സരിക്കാത്തത് കൊണ്ട് ലോക ഒന്നാം നമ്പറുകാരനായ കാർലോസ് അൽക്കാരെസാണ് ജോക്കോയുടെ പ്രധാന വെല്ലുവിളി. ഫ്രഞ്ച് ഓപ്പൺ സെമിയിൽ അൽക്കാരെസിനെ ജോക്കോവിച്ച് തോൽപ്പിച്ചിരുന്നു.
വനിതകൾ
വളരെ വാശിയേറിയ മത്സരങ്ങൾ ഇത്തവണയും വിംബിൾഡണ്ണിൽ നമുക്ക് കാണാൻ സാധിക്കും. ഇഗ ഷ്വാടെക്, എലേന റിബാക്കിന, അറീന സബലെങ്ക, വീനസ് വില്യംസ് എന്നിവരാണ് ടൂർണമെന്റിലെ പ്രധാന മത്സരാർത്ഥികൾ. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇഗ ഷ്വാടെക് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വിജയിച്ചിട്ടാണ് ലണ്ടനിലേക്കെത്തുന്നത്. നിലവിലെ ചാമ്പ്യൻ കൂടിയായ എലേന റിബാക്കിന ഈ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തിയെങ്കിലും അറീന സബലെങ്കയോട് തോൽക്കുകയായിരുന്നു. ഇരുവരും ഈ വർഷം കിരീട പ്രതീക്ഷ വച്ച് പുലർത്തുന്ന താരങ്ങളാണ്. അഞ്ച് വിംബിൾഡൺ കിരീടങ്ങൾ നേടിയ നാല്പത്തിമൂന്ന് വയസുള്ള അമേരിക്കൻ താരം വീനസ് വില്യംസും ഈ ടൂർണമെന്റിലെ ശ്രദ്ധാകേന്ദ്രമാണ്.