TMJ
searchnav-menu
post-thumbnail

PHOTO: WIMBLEDON

TMJ Daily

വിംബിള്‍ഡണ്‍ : വനിതാ വിഭാഗം ഫൈനല്‍ ഇന്ന്

15 Jul 2023   |   1 min Read
TMJ News Desk

വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് താരം മാര്‍കെറ്റ വന്‍ഡ്രൗസോവ ടുണീഷ്യന്‍ താരം ഓണസ് ജാബറെ നേരിടും. കന്നി ഗ്രാന്‍ഡ് സ്ലാം ലക്ഷ്യം വച്ചുകൊണ്ടാണ് ഇരുതാരങ്ങളും ഫൈനലിലിറങ്ങുന്നത്. ഇന്ന് വൈകുന്നേരം 06:30 ന് സെന്റര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

സെമി ഫൈനലില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ബെലാറസ് താരം അരീന സബലങ്കയെ തോല്‍പ്പിച്ചാണ് ഓണസ് ജാബര്‍ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയെങ്കിലും എലേന റിബാകിനയോട് ജാബര്‍ തോറ്റിരുന്നു. യുക്രെയ്ന്‍ താരം എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാര്‍കെറ്റ വാന്‍ഡ്രൗസോവയുടെ ഫൈനല്‍ പ്രവേശം. തന്റെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലിലാണ് മാര്‍കെറ്റ ഇന്നിറങ്ങുന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ആര് വിജയിച്ചാലും ഗ്രാന്‍ഡ് സ്ലാം വിജയികളുടെ പട്ടികയില്‍ പുതിയ പേര് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും.

ജോക്കോയെ അല്‍കാരസ് നേരിടും

പുരുഷ വിഭാഗം ഫൈനലില്‍ നാളെ ആര് ജയിച്ചാലും അത് ചരിത്രമാണ്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സ്പെയ്നിന്റെ കാര്‍ലോസ് അല്‍കാരസിനെ നേരിടുമ്പോള്‍ നടക്കാന്‍ പോകുന്നത് തലമുറ പോരാട്ടമാണ്. തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യം വച്ചുകൊണ്ടാണ് ജോക്കോ ഇറങ്ങുന്നത്. ആകെ എട്ടാമത്തേതും. നാളത്തെ ഫൈനലില്‍ വിജയിച്ചാല്‍ ജോക്കോയുടെ ഷെല്‍ഫില്‍ ആകെ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാകും. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍കാരസ് നാളത്തെ ഫൈനലിലിറങ്ങുന്നത് കോര്‍ട്ടില്‍ ഇനി വരാന്‍ പോകുന്നത് തന്റെ കാലമാണ് എന്ന് തെളിയിക്കാനുള്ള ലക്ഷ്യത്തോട് കൂടിയാണ്. നാളെ വിജയിച്ചാല്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാമും ആദ്യ വിംബിള്‍ഡണ്‍ കിരീടവുമായിരിക്കും അല്‍കാരസ് നേടുന്നത്. സെമിയില്‍ റഷ്യന്‍ താരം ഡാനിയല്‍ മെദ്വദിനെ 6-3,6-3,6-3 ന് കീഴടക്കിയാണ് തന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലിന് ടിക്കറ്റ് എടുത്തത്. ഇറ്റലിയുടെ ജെന്നിക് സിന്നറെ 6-3,6-4,7-6 ന് സെമിയില്‍ പരാജയപ്പെടുത്തിയാണ് നൊവാക് ജോക്കോവിച്ച് ഫൈനലിലെത്തിയത്.


#Daily
Leave a comment