
നിലമ്പൂരില്‍ ജയിക്കേണ്ടത് ലീഗിന്റെ മാത്രം ഉത്തരവാദിത്വമല്ല: ലീഗ് നേതാവ്
അന്‍വറിനെ കൂടെനിര്‍ത്തി മുന്നോട്ട് പോകാനാണ് മുസ്ലിംലീഗ് ആഗ്രഹിച്ചതെന്ന് ലീഗ് നേതാവും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ലീഗിനോട് ചര്‍ച്ച നടത്തിയശേഷമാണ് അന്‍വറിന് നേരെ യുഡിഎഫിന്റെ വാതില്‍ അടച്ചതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് അന്‍വര്‍ വിഷയത്തില്‍ അനാവശ്യ വാശി കാണിച്ചെന്ന് ലീഗ് വിമര്‍ശിച്ചിരുന്നു. അന്‍വറിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു. നിലമ്പൂരില്‍ ജയിക്കേണ്ടത് ലീഗിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും യുഡിഎഫിന്റെ രാഷ്ട്രീയം തന്നെയാണ് അന്‍വറിന്റേയും രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാനായി ലീഗ് ശ്രമിച്ചുവെന്നും എംഎല്‍എ വെളിപ്പെടുത്തി. അന്‍വര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ടെന്നും യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസ്സിലാക്കി അതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വറിനെ കൂടെക്കൂട്ടാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വളരെയധികം സമയം ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കുമെന്നും ഹമീദ് പറഞ്ഞു.


