ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെയാണ് സമ്മേളനം. പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്. ദില്ലി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് കൂടി പ്രവേശനം അനുവദിക്കുന്ന ആണവോർജ്ജ ഭേദഗതി ബിൽ, ഉന്നതവിദ്യാഭ്യാസ കമീഷൻ ബിൽ, ജൻവിശ്വാസ് ബിൽ, പാപ്പർ ചട്ട ഭേദഗതി ബിൽ, മണിപ്പുർ ജിഎസ്‌ടി ബിൽ, ഇൻഷുറൻസ് ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ, കോർപ്പറേറ്റ് നിയമ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ ഇതിൽ ഉൾപെടും. ചണ്ഡിഗഢിനെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനാതി സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കടുത്ത വിമർശനം ഉയർന്നതിനാൽ ഉപേക്ഷിച്ചു.


