ശുദ്ധജലമില്ല, തെക്കന്‍ ഗാസയില്‍ ഒരു ദശലക്ഷത്തോളം പേര്‍ ദുരിതത്തില്‍
കുടിക്കാന്‍ ശുദ്ധജലമില്ലാതെ തെക്കന്‍ ഗാസയില്‍ ദുരിതമനുഭവിക്കുന്നത് ഒരു ദശലക്ഷത്തോളം പലസ്തീനികളെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഗാസയില്‍ വെള്ളം മലിനമായതിനാല്‍ കുട്ടികളടക്കമുള്ള പലസ്തീനികള്‍ക്ക് ദാഹജലം പോലും ലഭ്യമാകാത്ത അവസ്ഥയാണ്. വടക്കന്‍ ഗാസയില്‍ 14 വയസ്സുള്ള കൗമാരക്കാരന്‍ പട്ടിണി മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഭക്ഷ്യ സുരക്ഷയോ, മാനുഷിക സഹായമോ ഇല്ലാത്തത് കാരണം 90 ശതമാനം കുട്ടികളും വയറിളക്കം, ഹെപ്പറ്റൈറ്റിസ്, മറ്റ് രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകയാണെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ റാണ സുവൈറ്റര്‍ പറഞ്ഞു. ഗാസയില്‍ മൂന്ന് കുട്ടികളില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുകയാണെന്നും ഇസ്രയേല്‍ പട്ടിണി യുദ്ധായുധമാക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.
ആശങ്ക പ്രകടിപ്പിച്ച് ഡബ്ല്യൂഎഫ്പി
അതിര്‍ത്തികളില്‍ എത്തുന്ന ഭക്ഷണം ഗാസയില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നു. റഫയില്‍ നിന്നും കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ സഹായിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ഡബ്ല്യൂഎഫ്പി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കിയാല്‍ തന്നെ ജല ലഭ്യതയുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണി നേരിടുന്നതായും 8,000 ത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.