
മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു
മലപ്പുറം മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന സ്ത്രീ മരിച്ചു. ആരോഗ്യ വകുപ്പ് ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന സ്ത്രീയാണ് മരിച്ചത്. സ്ത്രീയുടെ സ്രവം പരിശോധിക്കുമെന്നും, അതിനാൽ പരിശോധനാ ഫലം വരുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്നും ബന്ധുക്കളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മരിച്ച സ്ത്രീയുടെ സംസ്കാരം നടത്താനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യവകുപ്പ് തടഞ്ഞു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് പേർക്കാണ് കേരളത്തിൽ കഴിഞ്ഞയാഴ്ച നിപ സ്ഥിരീകരിച്ചത്. പാലക്കാട് തച്ചനാട്ടുകരയിൽ നിന്നുള്ള സ്ത്രീക്കും, മലപ്പുറത്ത് നിന്നുള്ള യുവതിക്കുമാണ് നിപ ബാധിച്ചത്. മലപ്പുറത്തെ യുവതി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു. സംസ്ഥാനത്ത് 383 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഞായറാഴ്ച പറഞ്ഞു. ഇതിൽ 241 പേർ മലപ്പുറത്തും, 142 പേർ പാലക്കാടും, 92 പേർ കോഴിക്കോടും, 2 പേർ എറണാകുളത്തുമാണ് ഉള്ളത്.


