ഫ്രാന്‍സിസ് മാര്‍പാപ്പ | Photo: PTI
കത്തോലിക്കാ സഭാ സിനഡില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം
കത്തോലിക്കാ സഭാ ബിഷപ്പുമാരുടെ സിനഡില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സഭാ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന്റെ ഭാഗമായാണ് ചരിത്രപരമായ തീരുമാനം. ഇതുസംബന്ധിച്ച് മാര്‍പാപ്പ അംഗീകരിച്ച രേഖ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
ബിഷപ്പുമാരല്ലാത്ത 70 പേരെ സിനഡില്‍ ഉള്‍പ്പെടുത്താനും മാര്‍പാപ്പ തീരുമാനിച്ചു. ഇതില്‍ പകുതിയും സ്ത്രീകളായിരിക്കും. ഇവര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും. വത്തിക്കാന്‍ ഭരണസമിതികളില്‍ നിന്നുള്ള പ്രതിനിധികളെ മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുക്കും. യുവജനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ നിര്‍ദേശമുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ 10 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനു നല്‍കുന്ന 20 പേരുടെ പട്ടികയില്‍ 10 പേര്‍ സ്ത്രീകളായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രഖ്യാപനം ചരിത്രപരം
സഭയില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ബിഷപ്പുമാര്‍, കര്‍ദിനാള്‍, പുരോഹിതന്മാര്‍ എന്നിവര്‍ക്കു മാത്രം അധികാരം ഉണ്ടായിരുന്ന സഭാ കാര്യങ്ങളിലെ അഭിപ്രായപ്രകടനത്തിനാണ് പോപ്പിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ മാറ്റം വരുന്നത്.
ഓഡിറ്റര്‍ ചുമതലയില്‍ സിനഡില്‍ പങ്കെടുത്തിരുന്ന 70 പേര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. പകരം 35 സ്ത്രീകളുള്‍പ്പെടെ വോട്ടവകാശമുള്ള 70 പേരെ പങ്കെടുപ്പിക്കും. ഇതില്‍ വൈദികരും സന്യസ്തരും അല്മായരും ഉണ്ടാകും. ഈ വര്‍ഷത്തെ പ്രാദേശിക സിനഡ് യോഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 140 പേരുടെ പട്ടികയില്‍ നിന്നാണ് മാര്‍പാപ്പ ഇവരെ തിരഞ്ഞെടുക്കുക.
വത്തിക്കാന്‍ സിനഡ്
നിശ്ചിത കാലയളവില്‍ ബിഷപ്പുമാരെ ഒന്നിച്ചുകൂട്ടുന്ന വത്തിക്കാനിലെ സംവിധാനമാണ് ബിഷപ്പുമാരുടെ സിനഡ്. സഭയെ നവീകരിച്ച 1962-65 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് സിനഡിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിച്ചുകൂട്ടുന്ന രീതി ആരംഭിച്ചത്. ഇതില്‍ മെത്രാന്‍മാര്‍ക്കു പുറമെ സന്യാസസഭാ പ്രതിനിധികളായി അഞ്ചു വൈദികരും അഞ്ചു കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്.
ഏതാനും ആഴ്ച നീളുന്ന സിനഡില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും യോഗത്തിനൊടുവില്‍ നിര്‍ദേശങ്ങള്‍ വോട്ടിനിടുകയും ചെയ്യും. നിര്‍ണായക വിഷയങ്ങളില്‍ ഇപ്രകാരമാണ് മാര്‍പാപ്പ അന്തിമതീരുമാനം കൈക്കൊള്ളുക. പക്ഷേ, വോട്ടവകാശം പുരുഷന്മാര്‍ക്കു മാത്രമായിരുന്നു. മാര്‍പാപ്പയുടെ പുതിയ നിര്‍ദേശത്തോടെ ദീര്‍ഘനാളത്തെ കന്യാസ്ത്രീകളുടെ ആവശ്യമാണ് നടപ്പിലാകുക. അടുത്ത സിനഡ് ചേരുന്നത് ഒക്‌ടോബര്‍ നാലു മുതല്‍ 20 വരെയാണ്.
വ്യത്യസ്തനായ സഭാ നായകന്‍
മുന്‍കാലങ്ങളെ അപേക്ഷിച്ച് ചരിത്രപരമായ പല തീരുമാനങ്ങളും അഭിപ്രായങ്ങളും തുറന്നു പറയുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യര്‍ക്ക് ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യമാണ് ലൈംഗികതയെന്ന് കഴിഞ്ഞ ദിവസം ഡിസ്‌നി പ്ലസ് തയ്യാറാക്കിയ ദി പോപ്പ് ആന്‍സേഴ്‌സ് ഡോക്യുമെന്ററിയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞു. സ്വവര്‍ഗരതി പാപമല്ലെന്നും എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം നിരാകരിക്കാത്തവരെ തനിക്ക് നിരാകരിക്കാനാകില്ല. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയാണ് തന്റെ കര്‍മമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന സ്ത്രീകളോട് വൈദികരും സഭയും കനിവ് കാണിക്കണം. ഡേറ്റിംഗ് ആപ്പുകള്‍ വഴി പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതും തികച്ചും സ്വാഭാവികമാണെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു.