
മാധ്യമ ഭാഷയില്‍ മാറ്റം വരണമെന്ന് വനിതാ കമ്മീഷന്‍
ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷന്‍. വാര്‍ത്താ അവതരണത്തിലെ ലിംഗവിവേചനവും മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗ രേഖയിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുമുണ്ട്.
സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന 'ഒളിച്ചോട്ട' വാര്‍ത്തകളില്‍ 'രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി' എന്ന രീതിയില്‍ സ്ത്രീകളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരം വാര്‍ത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കല്‍, ശിശു സംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നുമുള്ള മട്ടിലുള്ള ചിത്രീകരണവും ഒഴിവാക്കണം. ലൈംഗിക ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നും പറയുന്നു.
ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.


