
വിമൻസ് അണ്ടർ- 23 ടി20യിൽ 47 റണ്‍സ് നേടിയ മാളവിക സാബുവും 44 റണ്‍സ് നേടിയ അനന്യ കെ. പ്രദീപും
വനിത അണ്ടര്‍-23 ടി20; വിജയം തുടര്‍ന്ന് കേരളം
ഗുവഹാത്തിയില്‍ നടക്കുന്ന വനിത അണ്ടര്‍- 23 ടി20യില്‍ ജമ്മു കാശ്മീരിനെ തോല്പിച്ച് കേരളം. കേരളം 27 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണറായ മാളവിക സാബുവിന്റെയും വണ്‍ഡൗണായി ഇറങ്ങിയ അനന്യ കെ പ്രദീപിന്റെയും മികച്ച ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാളവിക 47ഉം അനന്യ പുറത്താകാതെ 44 റണ്‍സും നേടി. കശ്മീരിന് വേണ്ടി മരിയ നൂറൈനും രുദ്രാക്ഷി ഛിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കാശ്മീരിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. മധ്യനിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലളിതയും മധു ദേവിയും ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും മറ്റ് താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഇതോടെ ജമ്മു കശ്മീരിന്റെ മറുപടി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ അവസാനിച്ചു. ലളിത 31ഉം മധു ദേവി പുറത്താകാതെ 27ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറും നിത്യ ലൂര്‍ദ്ദും ഐശ്വര്യ എ കെയും അലീന എംപിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


