വീണ്ടും ലോകകപ്പ് ആവേശം
വനിതാ വിഭാഗം ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഓസ്ട്രേലിയ, ന്യൂസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 32 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യ കളിയില്‍ ഇന്ന് ന്യൂസിലാന്‍ഡ് നോര്‍വ്വേയേയും അമേരിക്ക അയര്‍ലന്‍ഡിനെയും നേരിടും. 70000 പേരെ ഉള്‍ക്കൊള്ളുന്ന സിഡ്നി ഒളിമ്പിക് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന പരുപാടികള്‍ നടക്കുന്നത്. ഓസ്ട്രേലിയയിലെയും, ന്യൂസിലാന്‍ഡിലെയും ഒന്‍പത് നഗരങ്ങളിലായി സജ്ജീകരിച്ച 10 സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് ഇരുപതിനാണ് ഫൈനല്‍ മത്സരം.
ശക്തമായ ടീമുകള്‍
കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ അമേരിക്ക ഈ ലോകകപ്പിലും ശക്തമായ സംഘത്തെ മുന്‍നിര്‍ത്തിയാണ് ടൂര്‍ണ്ണമെന്റിന് എത്തുന്നത്. ഏറ്റവും കൂടുതല്‍ വനിതാ ലോകകപ്പ് നേടിയ രാജ്യവും അമേരിക്ക തന്നെ്. അലക്സ് മോര്‍ഗനാണ് യു.എസ്സിന്റെ പ്രധാന താരം. 34 വയസ്സായ മോര്‍ഗന്റെ അവസാന ലോകകപ്പ് കൂടിയായിരിക്കും ഇത്. യുവതാരമായ സോഫിയ സ്മിത്തും യു.എസ്സിന്റെ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്നു. വനിതാ ക്ലബ്ബ് ഫുട്ബോളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബാഴ്സലോണയുടെ പ്രധാന താരങ്ങളുമായിട്ടാണ് സ്പെയ്ന്‍ ഇത്തവണ ലോകകപ്പിനെത്തുന്നത്. മധ്യനിര താരമായ അലക്സിയ പുറ്റെല്ലാസ് സ്ട്രൈക്കറായ ജെര്‍മി ഹെര്‍മാസോ തുടങ്ങിയ താരങ്ങളാണ് ഇതില്‍ പ്രധാനികള്‍. നിലവിലെ ബാലന്‍ ഡിയോര്‍ ജേതാവ് കൂടിയായ പുറ്റെല്ലാസിലാണ് പ്രതീക്ഷ കൂടുതലെങ്കിലും താരത്തിന്റെ പരിക്ക് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. യൂറോ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ടൂര്‍ണ്ണമെന്റിലെ മറ്റൊരു പ്രധാന ശക്തി. യൂറോ കപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ടീമിന്റെ പ്രധാന താരമായി മാറിയ ബീത്ത് മേഡ് ഇല്ലാതെയാവും ഇംഗ്ലണ്ട് ലോകകപ്പിനിറങ്ങുക. യൂറോപ്പിലെ തന്നെ ജര്‍മ്മനി, ഫ്രാന്‍സ് ടീമുകളും മികച്ച സ്‌ക്വാഡുമായിട്ടാണ് ഇക്കുറി ലോകകപ്പിനെത്തുന്നത്. ടൂര്‍ണ്ണമെന്റിലെ ആതിഥേയരായ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധ്യതയുള്ള ടീമുകളാണ്. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീല്‍ തങ്ങളുടെ ആദ്യ ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാവും കളത്തിലിറങ്ങുക.