
ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബദ്ധവൈരികളായ ബ്രസീലിനെ 4-1ന് തകര്‍ത്ത് അര്‍ജന്റീന. മത്സരത്തിലുടനീളം നിലവിലെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന എതിരാളിക്കുമേല്‍ ആധിപത്യം പുലര്‍ത്തി. ബ്രസീല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ച കൊളംബിയയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയശേഷമാണ് ബ്രസീല്‍ അര്‍ജന്റീനയെ നേരിടാനെത്തിയത്.
പന്തുരുണ്ട് തുടങ്ങി നാലാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് ക്ലോസ് റേഞ്ചില്‍ നിന്നും ബ്രസീലിന്റെ ഗോള്‍ വലയില്‍ നിറയൊഴിച്ചു.
പരിക്കേറ്റ ലയണല്‍ മെസ്സിയും ലൗറ്റാരോ മാര്‍ട്ടിനസും ഇല്ലാതിരുന്നിട്ടും അര്‍ജന്റീന ബ്രസീലിനേക്കാള്‍ കാതങ്ങള്‍ മുന്നിലായിരുന്നു.
പന്ത്രണ്ടാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. എന്‍സോ ഫെര്‍ണാണ്ടസാണ് രണ്ടാം ഗോള്‍ നേടിയത്. 26ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടി ലീഡ് കുറച്ചുവെങ്കിലും പത്ത് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ അര്‍ജന്റീന തിരിച്ചടിച്ചു.
37ാം മിനിട്ടില്‍ അലെക്‌സിസ് മാക് അല്ലിസ്റ്റര്‍ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ലീഡ് ഉയര്‍ത്താനുള്ള അവസരങ്ങള്‍ അര്‍ജന്റീന തുലച്ചുവെങ്കിലും ബ്രസീലിന് ആശ്വസിക്കാന്‍ വകയുണ്ടായില്ല. 71ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗ്യുലിയാനോ സിമിയോനെ നാലാം ഗോള്‍ നേടി. രാജ്യത്തിനായുള്ള സിമിയോനെയുടെ ആദ്യ ഗോളായിരുന്നു ഇത്.
ബ്രസീല്‍- അര്‍ജന്റീന മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉറുഗ്വായും ബൊളീവിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ബ്രസീലിനെതിരായ വിജയം ഇരട്ടിമധുരമായി. 2026ലെ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ തെക്കേയമേരിക്കന്‍ രാജ്യമാണ് അര്‍ജന്റീന.
14 മത്സരങ്ങളില്‍ നിന്നും 31 പോയിന്റുകളുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ടാം സ്ഥാനത്തുള്ള ബൊളീവിയയേക്കാള്‍ 17 പോയിന്റുകള്‍ക്ക് മുന്നിലാണ്. ബ്രസീല്‍ 21 പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.


