ലോക സാമ്പത്തിക വളര്‍ച്ച 1990 കള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍
ലോക സാമ്പത്തിക വളര്‍ച്ച 1990 കള്‍ക്കു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കിലാവും അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ വളരുകയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). വളര്‍ച്ചാ നിരക്ക് 2023 ല്‍ 3 ശതമാനത്തില്‍ കുറയുമെന്ന് വിലയിരുത്തിയ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയുടെ അഭിപ്രായത്തില്‍ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച ദാരിദ്ര്യവും, പട്ടിണിയും കൂടുതല്‍ കഠിനമാവുന്നതിന് ഇടയാക്കുമെന്ന മുന്നറിയപ്പും നല്‍കി. അടുത്ത 5 വര്‍ഷം ലോക സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് കഷ്ടി 3 ശതമാനമെന്നാണ് ഇപ്പോഴത്തെ അനുമാനം. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുക്കും ഇതെന്നും ക്രിസ്റ്റലീന പറഞ്ഞു.
ലോക സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനവും 2023 ല്‍ ഇന്ത്യയുടെയും, ചൈനയുടെയും സംഭാവന ആയിരിക്കും. ഏഷ്യന്‍ മേഖല പൊതുവെ മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന കണക്കാക്കുന്ന ഐഎംഎഫ് സാമ്പത്തികമായ മുന്‍നിരയില്‍ നില്‍ക്കുന്ന 90 ശതമാനം രാജ്യങ്ങളും മുരടിപ്പലാവുമെന്നു കരുതുന്നു. കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കുറയുന്നതിനാല്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി പരുങ്ങലിലാവും.
ആഗോള സാമ്പത്തിക മേഖല 2022 ല്‍ 3.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 2023 ല്‍ വളര്‍ച്ച 3 ശതമാനത്തില്‍ താഴെയാവുന്ന സ്ഥിതിയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെയും, ലോക ബാങ്കിന്റെയും യോഗങ്ങള്‍ അടുത്തയാഴ്‌ച്ച വാഷിംഗ്‌ടണില്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി നടത്തിയ പരാമര്‍ശങ്ങളിലാണ് ക്രിസ്റ്റലീന ഈ വിലയിരുത്തലുകള്‍ പ്രകടിപ്പിച്ചത്. അമേരക്കിയിലെയും. യൂറോപ്പിലെയും ബാങ്കിംഗ് മേഖലയിലെ വെല്ലുവിളികള്‍, അമേരിക്ക-ചൈന ഭിന്നതകള്‍, യുക്രൈന്‍ യുദ്ധം തുടങ്ങിയ സങ്കീര്‍ണ്ണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഐഎംഎഫ്, ലോക ബാങ്ക് യോഗങ്ങള്‍ ചേരുന്നത്.