മിലന്‍ കുന്ദേര | PHOTO: WIKI COMMONS
വിശ്വ വിഖ്യാത എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. പാരീസിലായിരുന്നു അന്ത്യം. പ്രസിദ്ധമായ നിരവധി കൃതികള്‍ അദ്ദേഹം ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായിരുന്നു അദ്ദേഹം.
1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബ്രണോയിലാണ് മിലന്‍ കുന്ദേര ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്നു. മിലന്‍ കുന്ദേരയും ചെറുപ്പം മുതല്‍ സംഗീതം പഠിച്ചിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് തന്നെ അദ്ദേഹം എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ആദ്യ കാലങ്ങളില്‍ കവിതകളാണ് എഴുതിയിരുന്നത്. 1958 നും 1968 നും ഇടയില്‍ ലാഫബിള്‍ ലവ്‌സ് എന്ന, മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിലൂടെയാണ് കുന്ദേര കൂടുതല്‍ അറിയപ്പെട്ടത്. 1967 ലാണ് ആദ്യ നോവലായ ദ ജോക്ക് എഴുതുന്നത്.
സങ്കീര്‍ണത നിറഞ്ഞ ജീവിതം
വളരെ സങ്കീര്‍ണമായ ജീവിതമായിരുന്നു കുന്ദേരയുടേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും കലുഷിതമായ ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1948 ലാണ് അദ്ദേഹം ചെക്കോസ്ലോവാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1950 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1956 ല്‍ പാര്‍ട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നിരന്തരം വിമര്‍ശനം നടത്തിയതോടെ 1970 ല്‍ വീണ്ടും പുറത്താക്കുകയായിരുന്നു. അലക്‌സാണ്ടര്‍ ഡ്യൂബ്‌ചെക്ക് നേതൃത്വം നല്‍കിയ, പ്രാഗ് വസന്തം എന്നറിയപ്പെടുന്ന രാഷ്ട്രീയ നീക്കത്തില്‍ കുന്ദേരയും പങ്കാളിയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വീണ്ടും പുറത്താക്കാനുണ്ടായ കാരണം ഇതായിരുന്നു. 1979 ലാണ് കുന്ദേരയുടെ ചെക്കോസ്ലോവാക്യന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കുന്നത്. 2019 ല്‍ ചെക്ക് സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം തിരിച്ചു നല്‍കി.
1975 ലാണ് അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറിയത്. ഫ്രാന്‍സിലെ റെന്നസ് സര്‍വകലാശാലയില്‍ കുന്ദേര അധ്യാപകനായി. 1978 ല്‍ പാരീസിലേക്ക് മാറി. അവിടെ വെച്ചാണ് തന്റെ മാസ്റ്റര്‍ പീസായ ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിംഗ് രചിച്ചത്. ഉയിരടയാളങ്ങള്‍ എന്നപേരിലാണ് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ചെക്കോസ്ലോവാക്യയില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൃതിയുടെ രചന. ഫ്രാന്‍സില്‍ ഈ പുസ്തകം നിരോധിച്ചിരുന്നു.
1982 ലാണ് ഈ കൃതിയുടെ രചന പൂര്‍ത്തിയാകുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലുമാണ് മിലന്‍ കുന്ദേര എഴുതിയിരുന്നത്. ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങ്, ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്, ദ ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.