
ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ടോമികോ ഇട്ടൂക്ക ജപ്പാനില്‍ അന്തരിച്ചു. 116 വയസ്സായിരുന്നു. ജപ്പാനിലെ വാണിജ്യ കേന്ദ്രമായ ഒസാക്കയില്‍ 1908 മെയ് 23-നാണ് അവര്‍ ജനിച്ചത്. 2019 മുതല്‍ അവര്‍ വസിക്കുന്ന നഴ്‌സിങ് ഹോമില്‍ വച്ച് ഡിസംബര്‍ 29-നാണ് അന്തരിച്ചതെന്ന് ആഷിയ മേയര്‍ അറിയിച്ചു. നാല് മക്കളും അഞ്ച് പേരക്കുട്ടികളും അവര്‍ക്കുണ്ട്.
2024 ഓഗസ്റ്റില്‍ സ്‌പെയ്‌നിലെ മരിയ ബ്രാന്‍യാസ് മൊറേറ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇട്ടൂക്കയ്ക്ക് ലോകത്തിലെ പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് ലഭിച്ചത്. മരിയക്ക് 117 വയസ്സ് ആയിരുന്നു.
ഇട്ടൂക്ക അവരുടെ ദൈര്‍ഘ്യമേറിയ ജീവിതത്തിലൂടെ നമുക്ക് ധൈര്യവും പ്രതീക്ഷയും തന്നുവെന്ന് ആഷിയായുടെ 27 വയസ്സുള്ള മേയര്‍ റൈയോസൂകെ തകാഷിമ പറഞ്ഞു. രണ്ട് ലോകമഹായുദ്ധങ്ങളും മഹാമാരികളും ലോകത്തിന്റെ സാങ്കേതിക വളര്‍ച്ചയും ഇട്ടൂക്ക തന്റെ ജീവിത കാലയളവില്‍ കണ്ടു. കുട്ടിക്കാലത്ത് അവര്‍ ഫുട്‌ബോള്‍ കളിക്കുന്നത് ആസ്വദിച്ചിരുന്നു.
ജപ്പാനില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. പക്ഷേ, അവിടെ യുവാക്കളുടെ എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും അവരുടെ മെഡിക്കല്‍, മറ്റ് ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ തൊഴില്‍പടയും കുറയുകയാണ്.
ജപ്പാനില്‍ നൂറ് വയസ്സ് കഴിഞ്ഞ 95,000 പേരുണ്ട്. അതില്‍ 88 ശതമാനം പേരും സ്ത്രീകളാണ്. രാജ്യത്തെ 124 മില്ല്യണ്‍ ജനതയുടെ മൂന്നിലൊന്നും 65 വയസ്സിന് മുകളില്‍ ഉള്ളവരാണ്.