TMJ
searchnav-menu
post-thumbnail

TMJ Daily

ഡബ്ല്യുപിഎല്‍ ലേലം: സിമ്രാന്‍ ഷെയ്ഖ് ഇത്തവണ വിലയേറിയ താരം

16 Dec 2024   |   2 min Read
TMJ News Desk

മുംബൈയിലെ ചേരിയില്‍ ജനിച്ച്, കളിച്ചു വളര്‍ന്ന ഓള്‍റൗണ്ടര്‍ സിമ്രാന്‍ ഷെയ്ഖ് വനിതാ പ്രീമിയര്‍ ലീഗ് 2024-25 സീസണിലേക്കുള്ള ലേലത്തില്‍ വിലയേറിയ താരം. കഴിഞ്ഞ സീസണില്‍ ആരും വാങ്ങാതിരുന്ന താരമാണ് സിമ്രാന്‍. ഇത്തവണ സിമ്രാനെ സ്വന്തമാക്കാന്‍ രണ്ട് ടീമുകള്‍ വാശിയേറിയ ലേലം വിളിച്ചു. ഗുജറാത്തും ഡല്‍ഹിയും.

ഒടുവില്‍ അദാനി സ്‌പോര്‍ട്‌സ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്‌സ് ആണ് 22 വയസ്സുള്ള താരത്തെ 1.9 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ജിഎംആര്‍ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും സംയുക്ത ഉടമകളായുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് അവസാന നിമിഷം വരെ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം സിമ്രാനുവേണ്ടി വാശിയോടെ ലേലം വിളിച്ചത്.

വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ യുപി വാറിയേഴ്‌സ് 10 ലക്ഷം രൂപയ്ക്ക് സിമ്രാനെ സ്വന്തമാക്കിയിരുന്നുവെങ്കിലും മോശം പ്രകടനം കാരണം രണ്ടാമത്തെ സീസണില്‍ ടീം താരത്തെ റിലീസ് ചെയ്തു. ഒമ്പത് മത്സരങ്ങളില്‍ നിന്നായി വെറും 29 റണ്‍സാണ് സിമ്രാന്‍ ആദ്യ സീസണില്‍ നേടിയത്. രണ്ടാം സീസണില്‍ ആരും വാങ്ങിയതുമില്ല. ആദ്യ സീസണില്‍ സിമ്രാന്റെ ഇലക്ട്രീഷ്യനായ പിതാവിന് മകളെ 10 ലക്ഷം രൂപയ്ക്ക് വാങ്ങിയത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണയും പത്ത് ലക്ഷം രൂപയായിരുന്നു സിമ്രാന്റെ അടിസ്ഥാന വില.

സെലക്ടര്‍മാര്‍ക്ക് മുന്നില്‍ കാണിക്കാന്‍ ഒന്നും ഇല്ലാതിരുന്ന സിമ്രാന്‍ കഠിനമായി പരിശ്രമിച്ചു. തുടര്‍ന്ന്, ആഭ്യന്തര ടി20 സീസണില്‍ മുംബൈയ്ക്കുവേണ്ടി സീനിയര്‍ ടി20 ട്രോഫി ടീമില്‍ ഇടംപിടിച്ചു. മുംബൈ സ്വന്തം സ്റ്റേഡിയമായ വാങ്കഡെയില്‍ ട്രോഫി ഉയര്‍ത്തിയപ്പോള്‍ അതില്‍ സിമ്രാന്റെ മികച്ച പ്രകടനത്തിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ടീം ഇ-യ്ക്കുവേണ്ടി 200 എന്ന സ്‌ട്രൈക്കിങ് റേറ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു. വനിതാ ക്രിക്കറ്റില്‍ വളരെ അപൂര്‍വമായ സ്‌ട്രൈക്ക് റേറ്റാണിത്. ഇത് താരത്തിന്റെ തലവര ഒന്നു കൂടി മാറ്റിയെഴുതി. ഈ പ്രകടനം വനിതാ പ്രീമിയര്‍ ലീഗിലെ പരിശീലകരുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യ രണ്ട് സീസണുകളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവച്ച ഗുജറാത്ത് ജയന്റ്‌സിന്റെ പരിശീലകന്‍ മൈക്കല്‍ ക്ലിങ്ങര്‍ക്ക് സിമ്രാനെപ്പോലൊരു താരത്തെ ടീമിലേക്ക് എന്തുവില കൊടുത്തും സ്വന്തമാക്കേണ്ടതുണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ സ്റ്റാര്‍ ദിയേന്ദ്ര ഡോട്ടിനെക്കാള്‍ കൂടുതല്‍ വില നല്‍കി ഗുജറാത്ത് സിമ്രാനെ സ്വന്തമാക്കി. ദിയേന്ദ്രയ്ക്ക് 1.7 കോടി രൂപയാണ് ഗുജറാത്ത് നല്‍കിയത്.

സിമ്രാന് നല്‍കേണ്ടി വന്ന വിലയെക്കുറിച്ച് ആശങ്കയില്ലെന്നും തങ്ങള്‍ക്ക് വേണ്ട കളിമികവുകള്‍ സിമ്രാന് ഉണ്ടെന്നും ക്ലിങ്ങര്‍ പറഞ്ഞു.




#Daily
Leave a comment