TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

തെരുവിലെ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; പോരാട്ടം ഇനി കോടതിയില്‍

26 Jun 2023   |   2 min Read
TMJ News Desk

തെരുവിലിറങ്ങിയുള്ള സമരം അവസാനിപ്പിച്ചതായും ഇനി കോടതി വഴി പോരാടുമെന്നും പ്രതിഷേധത്തിലായിരുന്ന ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഒപ്പം വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവരും ട്വീറ്റ് ചെയ്തു. 

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചതായി താരങ്ങള്‍ ട്വീറ്റുകളില്‍ പറയുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പക്ഷേ, അത് കോടതിയിലായിരിക്കും, തെരുവിലല്ലയെന്നും താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ കുറിച്ചു. 

വാഗ്ദാനങ്ങള്‍ നിറവേറ്റന്നതുവരെ കാത്തിരിക്കും

ജൂണ്‍ ഏഴിന് നടന്ന ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി. ആറ് വനിതാ ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയും ജൂണ്‍ 15 ന് ഡല്‍ഹി പോലീസ്, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

'ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതനുസരിച്ച് ജൂലൈ 11 ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി ഞങ്ങള്‍ കാത്തിരിക്കും' ഗുസ്തി താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുന്നതായി വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും അറിയിച്ചു. 

ബ്രിജ് ഭൂഷണെതിരെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് ജൂണ്‍ 15 വരെ ഗുസ്തി താരങ്ങള്‍ സമയം നല്‍കിയിരുന്നു. അതുവരെ സമരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതേസമയം, ജൂണ്‍ മുപ്പതിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കിയത്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതോടെയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. 

പ്രതികരിച്ചാല്‍ നടപടി പ്രതികാരമോ?

ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് സമരം ചെയ്ത താരങ്ങളെ ഒഴിവാക്കാനുള്ള ഐഒഎ അഡ്‌ഹോക്ക് പാനലിന്റെ തീരുമാനത്തെ കഴിഞ്ഞ ദിവസം താരങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മുന്‍ ഗുസ്തിതാരവും നിലവില്‍ ബിജെപി നേതാവുമായ യോഗേശ്വര്‍ ദത്തിനെതിരെയും താരങ്ങള്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. 

'സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കൊണ്ടാണ് യോഗേശ്വര്‍ ദത്ത് തങ്ങളെ ലക്ഷ്യമിടുന്നത്. ബ്രിജ് ഭൂഷണ്‍ അയാള്‍ക്ക് ഡബ്യൂഎഫ്‌ഐ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരിക്കാമെന്നും അതിനാലാണ് അയാള്‍ ബ്രിജ്ഭൂഷനൊപ്പം നില്‍ക്കുന്നതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ബ്രിജ് ഭൂഷനെ ജയിലില്‍ അടയ്ക്കാത്തിടത്തോളം അയാള്‍ ചെയ്ത പാപങ്ങള്‍ക്ക് തക്ക പ്രതിഫലം ലഭിക്കുന്നില്ല, അതു തുടരും. കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അത് നീതിക്ക് പര്യാപ്തമാണോ എന്ന് ഞങ്ങള്‍ വിലയിരുത്തും. റോഡില്‍ ഇരിക്കണോ അതോ ജീവന്‍ പണയപ്പെടുത്തണോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും' വിനേഷ് കൂട്ടിച്ചേര്‍ത്തു.

ദുര്‍ബലമായി പോക്‌സോ കേസ് 

പരാതി വ്യാജമാണെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലോടെ ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസും ദുര്‍ബലമായിരുന്നു. നല്‍കിയത് വ്യാജ പരാതിയാണെന്നും, മകള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും പരാതിക്കാരിയുടെ അച്ഛന്‍ വെളിപ്പെടുത്തി. അതേസമയം, പരാതിക്കാരില്‍ സമ്മര്‍ദം ചെലുത്തി മൊഴിമാറ്റിയെന്നാണ് ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ടവരുടെ ആരോപണം. പരാതിയുടെ ആദ്യഘട്ടത്തില്‍ തന്നെ നടപടി എടുത്തിരുന്നുവെങ്കില്‍ പെണ്‍കുട്ടി മൊഴിമാറ്റില്ലായിരുന്നുവെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്തും കുറ്റപ്പെടുത്തിയിരുന്നു. ബ്രിജ് ഭൂഷന്റെ ഭീഷണിയെ തുടര്‍ന്നാണ് മൊഴിമാറ്റം നടന്നതെന്ന് താരങ്ങളും ആരോപിച്ചു. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ഈ മൊഴിയും ഉള്‍പ്പെടുത്തും. 

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജൂലൈ നാലിനു കേസില്‍ വാദം കേള്‍ക്കും.


#Daily
Leave a comment