TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

ഗുസ്തി താരങ്ങളുടെ സമരം; മഹാ പഞ്ചായത്തിൽ പുതിയ തീരുമാനങ്ങൾ, പിന്തുണയറിയിച്ച് ബിജെപി എംപി

02 Jun 2023   |   4 min Read
TMJ News Desk

ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ലൈംഗിക പരാതിയിൽ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം തുടരുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന കർഷകരുടെ മഹാ പഞ്ചായത്തിൽ ആയിരിക്കും ഭാവി സമരപരിപാടികൾ തീരുമാനിക്കുക. കഴിഞ്ഞ ദിവസം ശോറാമിൽ ചേർന്ന മഹാ പഞ്ചായത്ത് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. എന്നാൽ, തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു.

ഗുസ്തി താരങ്ങൾ എന്ത് തീരുമാനമെടുത്താലും പൂർണ്ണ പിന്തുണ നൽകുമെന്നും ജയിക്കാതെ പിന്മാറില്ല എന്നുമാണ് മഹാ പഞ്ചായത്തിന്റെ നിലപാട്. കുരുക്ഷേത്രയിൽ ചേരുന്ന പഞ്ചായത്തിൽ ഗുസ്തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് സൂചന. ഗുസ്തി താരങ്ങളുമായുള്ള ചർച്ചയ്ക്കു സർക്കാർ നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. അഞ്ചുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം 4നകം തീരുമാനമുണ്ടായില്ലെങ്കിൽ മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

അതേസമയം, സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംപിമാരും രംഗത്തുവന്നു. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷണെതിരെ ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് പിന്തുണ അറിയിച്ചിരുന്നു.

ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ പാർട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്.

ഗുസ്തി താരങ്ങളുടെ പരാതിയിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) ഇടപെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. സംഭവത്തിൽ പക്ഷപാതരഹിത അന്വേഷണം വേണമെന്നും താരങ്ങളോടുള്ള സമീപനം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഐഒസി വ്യക്തമാക്കി. അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ്ങും താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി. താരങ്ങളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി വിമർശിക്കുകയും, അന്വേഷണത്തിൽ സംതൃപ്തിയില്ലെന്ന് അറിയിക്കുകയും ചെയ്തു.
 
ഏതുവിധേനയും സമരത്തെ അടിച്ചമർത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. പാർലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാർച്ച് മറയാക്കി ജന്തർ മന്തറിൽ നിന്ന് സമരക്കാരെ പൂർണമായും നീക്കിയിരിക്കുകയാണ് നിലവിൽ. പ്രതിഷേധമാർച്ച് നടത്തിയതിനെ തുടർന്ന് 700 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ ടെന്റുകളും മെത്തകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സമരപ്പന്തലിൽ നിന്നും പൊലീസ് നീക്കം ചെയ്തു. ജന്തർ മന്തറിലേക്ക് താരങ്ങളുടെ വാഹനം കടത്തിവിടാനും പൊലീസ് അനുവദിച്ചിരുന്നില്ല. ആര് അടിച്ചമർത്താൻ ശ്രമിച്ചാലും തളരില്ല, 30 ഓളം പൊലീസുകാർ ചേർന്നാണ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. സമാധാനപരമായി പൊതുമുതലിന് നാശനഷ്ടം വരാതെയാണ് പ്രതിഷേധം നടത്തിയത്. അതിൽ എന്തിനാണ് അറസ്റ്റെന്ന് മനസിലായിട്ടില്ല എന്ന് സാക്ഷി മാലിക് പ്രതികരിച്ചിരുന്നു.

താരങ്ങളെ പ്രതിസ്ഥാനത്താക്കി പൊലീസ്

പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമം, നിയമവിരുദ്ധമായി സംഘംചേരൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥർ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സെക്ഷൻ 147, 149, 186, 188, 332, 335 എന്നീ വകുപ്പുകൾ പ്രകാരവും പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും പ്രകാരം കേസെടുത്തു.

ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയിലിൽ കിടക്കേണ്ടത് ബ്രിജ് ഭൂഷനാണ്. എന്തിനാണ് ഞങ്ങളെ ജയിലിലടച്ചത്? ബജ്റംഗ് പുനിയ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ പരസ്യമായി കൊലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. ബ്രിജ് ഭൂഷണെതിരെ കേസെടുക്കാൻ ഏഴു ദിവസമെടുത്ത പൊലീസ്, തങ്ങൾക്കെതിരെ മണിക്കൂറുകൾ കൊണ്ടാണ് കേസെടുത്തതെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. സംഘർഷത്തിലേക്ക് നയിച്ചത് പോലീസാണെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി.

നീതിക്കായി പോരാടാനുറച്ച്

സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും നീതി കിട്ടുന്നതുവരെ സത്യഗ്രഹം ഇരിക്കുമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഗുസ്തി താരങ്ങൾ. വനിതാ ഗുസ്തി താരങ്ങളെ മർദിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഡൽഹി വനിതാ കമ്മീഷൻ, ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് കത്തയച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനർജി, എംകെ സ്റ്റാലിൻ, മല്ലികാർജുൻ ഖാർഗെ, ജയറാം രമേഷ്, അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളും പ്രതിഷേധക്കാരെ പിന്തുണച്ച് രംഗത്തെത്തി.

പട്ടാഭിഷേകം പൂർത്തിയായപ്പോൾ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവിൽ അടിച്ചമർത്തുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിനുവേണ്ടി മെഡലുകൾ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകൾക്കിടയിൽ ചവിട്ടിമെതിക്കുന്നത്രയും ബിജെപി സർക്കാരിന്റെ ധാർഷ്ട്യം വളർന്നുവെന്ന് പ്രിയങ്കാ ഗാന്ധിയും കുറ്റപ്പെടുത്തി.

ഒരുമാസത്തിലധികമായി തുടരുന്ന സമരം

കേസിൽ ആരോപണവിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കഴിഞ്ഞ ഒരുമാസത്തോളമായി പ്രതിഷേധം നടത്തി വരികയാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജനുവരി 18 മുതൽ താരങ്ങൾ പ്രതിഷേധ സമരം നടത്തുകയും ചർച്ചകളെ തുടർന്ന് പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ, അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രം പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രിൽ 23 ന് ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.

തങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡൽഹി പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഒരാളുടെ മൊഴി പോലും രേഖപ്പെടുത്തിയില്ലെന്നും ഏഴു വനിതാ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ അറിയിക്കുകയും ബന്ധപ്പെട്ട ഹർജി  സുപ്രീം കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു. കേസെടുത്ത സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും, കൈവശമുള്ള രേഖകൾ സമർപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജനുവരിയിൽ കായിക മന്ത്രാലയം പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക് മെഡൽ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകൾ സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടിണ്ട്.  

സർക്കാർ സമിതി ഏപ്രിൽ ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂർണമായി നവീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമരം തുടർന്നിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. താരങ്ങൾ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരത്തിന് പിന്തുണയുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷൻ അംഗമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആറു തവണ ഉത്തർപ്രദേശിൽ നിന്ന് പാർലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ബിജെപിയിലും ഒരു തവണ സമാജ്വാദിയിലും നിന്നാണ് വിജയിച്ചത്. കൂടാതെ, അയോധ്യ മുതൽ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയിൽ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷൺ. 1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്ത കേസിലും പ്രതിയാണ്.
1990 കളുടെ മധ്യത്തിൽ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്ന പേരിൽ അറസ്റ്റിലാവുകയും തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തിഹാർ ജയിലിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ കോടതി ബ്രിജ് ഭൂഷണെ കുറ്റവിമുക്തനാക്കി.


#Daily
Leave a comment