TMJ
searchnav-menu
post-thumbnail

Photo : PTI

TMJ Daily

പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ; ബ്രിജ് ഭൂഷണെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

24 Apr 2023   |   2 min Read
TMJ News Desk

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ വിഷയത്തിൽ ഗുസ്തി താരങ്ങൾ പുനഃരാരംഭിച്ച പ്രതിഷേധം ശക്തമായിരിക്കുന്നു. കായിക താരങ്ങളുടെ പരാതിയിൽ ഡൽഹി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഈ വിഷയത്തിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങൾ എന്തുകൊണ്ടാണ് അപമാനിക്കപ്പെടുന്നത് എന്ന് മലിവാൾ ട്വിറ്ററിൽ കുറിച്ചു.

വിദേശമണ്ണിൽ ത്രിവർണ പാതകയുടെ മഹത്വം ഉയർത്തിയവരെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്? തന്റെ ട്വീറ്റിനൊപ്പം ജന്ദർ മന്ദറിലെ ഫുട്പാത്തിൽ പ്രതിഷേധക്കാർ ഞായറാഴ്ച രാത്രി ഉറങ്ങിയ ചിത്രവും റീട്വീറ്റ് ചെയ്തു.

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിച്ച മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ സർക്കാർ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌രംഗ് പുനിയയും വിനേഷ് ഫോഗട്ടും മറ്റ് ഗുസ്തി താരങ്ങളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സാക്ഷി മാലികും രവി ദാഹിയയും ഉൾപ്പെടെയുള്ള ഗുസ്തിതാരങ്ങൾ ഈ വർഷം ജനുവരിയിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ചിരുന്നെങ്കിലും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു.

'ആരെയും ഞങ്ങൾ വിശ്വസിക്കുന്നില്ല. കഴിഞ്ഞ തവണ ഞങ്ങളൊന്നടങ്കം തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ ഇത്തവണ ശക്തമായ നടപടികൾ ഉണ്ടാകുന്നതുവരെ ഞങ്ങൾ പ്രതിഷേധത്തിലായിരിക്കും. ഈ കേസിൽ രാഷ്ട്രീയമില്ലെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,' കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടിയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.

ഇത്തവണ ആരെയും തള്ളിപ്പറയില്ലെന്നും തങ്ങളുടെ സമരത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സമരത്തിൽ പങ്കെടുക്കാം. ജനുവരിയിൽ നടന്ന പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയ ഇടത് നേതാവ് വൃന്ദ കാരാട്ടിനോട് വേദി വിടാൻ സമരക്കാർ അഭ്യർത്ഥിച്ചിരുന്നു. ബിജെപി, കോൺഗ്രസ്, ആംആദ്മി വ്യത്യാസമില്ലാതെ എല്ലാ പാർട്ടിക്കാർക്കും സമരത്തിൽ പങ്കെടുക്കാമെന്ന് ഒളിമ്പിക് മെഡലിസ്റ്റ് ബജ്‌രംഗ് പൂനിയ പറഞ്ഞു.

വർഷാരംഭത്തിൽ തുടക്കമിട്ട പ്രതിഷേധം

ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ലൈംഗീകാതിക്രമം ആരോപിച്ച് സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. എന്നാൽ നടപടികളെടുക്കാത്തതിനെ തുടർന്നാണ് താരങ്ങൾ രംഗത്ത് വന്നത്. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതു വരെ സമരം തുടരുമെന്നും കായിക താരങ്ങൾ വ്യക്തമാക്കി.പിന്നീട് കായിക മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമരം അവസാനിപ്പിച്ചു. എന്നാൽ, തെറ്റായ വാഗ്ദാനങ്ങൾ നൽകി തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നെന്നും അവർ ആരോപിച്ചു.

ജനുവരിയിൽ കായിക മന്ത്രാലയം പരാതികൾ അന്വേഷിക്കാൻ ഒളിമ്പിക് മെഡൽ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകൾ സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.  

സർക്കാർ സമിതി ഏപ്രിൽ ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, നിരവധി ഹിയറിംഗുകൾക്ക് ശേഷം ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരായ ലൈംഗികാരോപണങ്ങൾ തെളിയിക്കാൻ ഗുസ്തി താരങ്ങൾക്ക് കഴിഞ്ഞില്ല.

ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയിൽ
തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്നും പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂർണമായി നവീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ, മെയ് 7 ന് നടക്കുന്ന ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പിൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞെങ്കിലും ഫെഡറേഷനിൽ ഒരു പുതിയ സ്ഥാനത്ത്  ഉണ്ടാകുമെന്നുള്ള സൂചന നൽകി. ഡബ്ല്യുഎഫ്ഐ തലവനായി തുടർച്ചയായി 12 വർഷം പൂർത്തിയാക്കിയതിന് ശേഷം സ്പോർട്സ് കോഡ് അനുസരിച്ച് ഉയർന്ന സ്ഥാനത്തേക്ക് മത്സരിക്കാൻ ബ്രിജ് ഭൂഷൺ അയോഗ്യനാണ്.

ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡൽഹി പോലീസ് ഏഴ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവുകൾ പുറത്തുവന്നതിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതോടൊപ്പം സർക്കാർ സമിതി തയാറാക്കിയ റിപ്പോർട്ട് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

#Daily
Leave a comment