സി ടി തങ്കച്ചന്‍
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിടി തങ്കച്ചന്‍ അന്തരിച്ചു
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എറണാകുളം പള്ളുരുത്തി സ്വദേശി സിടി തങ്കച്ചന്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് പള്ളുരുത്തി ചിറയ്ക്കല്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ ബാര്‍ബര തങ്കച്ചന്‍, മകന്‍ ജോസഫ് നോയല്‍.
കൊച്ചിക്ക് സുപരിചിതന്‍
കൊച്ചിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തയാളായിരുന്നു സിടി തങ്കച്ചന്‍. എണ്‍പതുകളുടെ തുടക്കത്തില്‍ കൊച്ചിയിലെ കേരള കലാപീഠത്തിലൂടെയാണ് സാംസ്‌കാരിക മേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. പരന്ന വായനയിലൂടെ സാഹിത്യവും കലയും ജീവിതത്തിന്റെ ഭാഗമാക്കി.
കൊച്ചിയിലെ പരിസ്ഥിതി, മനുഷ്യാവകാശ, ആവിഷ്‌കാര സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍നിരയില്‍ നിന്ന വ്യക്തിത്വം. പീഡനപരാതിയെ തുടര്‍ന്ന് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകള്‍ നീതിക്കുവേണ്ടി സമരം ചെയ്തപ്പോള്‍ സമരത്തെ നയിക്കാന്‍ ഒപ്പം നിന്നു.
തങ്കച്ചന്റെ ജീവിതം വിവരിക്കുന്ന പുസ്തകമാണ് വീഞ്ഞ്. എം.ഗോവിന്ദന്‍, എം.വി ദേവന്‍, ജോണ്‍ എബ്രഹാം, ജി. അരവിന്ദന്‍, സിഎന്‍ കരുണാകരന്‍, കാക്കനാടന്‍, ഉംമ്പായി തുടങ്ങിയ സാംസ്‌കാരിക കേരളത്തിലെ മുന്‍നിരയിലുള്ള തന്റെ അടുപ്പക്കാരെ കുറിച്ചുള്ള ഓര്‍മപ്പുസ്തകമാണ് വീഞ്ഞ്.