TMJ
searchnav-menu
post-thumbnail

പി വത്സല | PHOTO: WIKI COMMONS

TMJ Daily

പ്രിയ എഴുത്തുകാരി പി വത്സലയ്ക്ക് വിട

22 Nov 2023   |   1 min Read
TMJ News Desk

ഴുത്തുകാരി പി വത്സല (84) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. 1939 ആഗസ്റ്റ് 28 ന് കാനങ്ങാട് ചന്തുവിന്റേയും ഇ.പത്മാവതിയുടേയും മകളായി ജനിച്ച പി വത്സല ഒരു മികച്ച അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്നു.

തിരുനെല്ലിയുടെ കഥാകാരിയെന്നാണ് വത്സല അറിയപ്പെട്ടിരുന്നത്. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു കഥകളും നോവലുകളും. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം യാതൊരു മുന്‍വിധികളും ഇല്ലാതെ പകര്‍ത്തിയ എഴുത്തുകാരി 1960-മുതല്‍ തന്നെ മലയാള സാഹിത്യ രംഗത്ത് സജീവമായിരുന്നു. കേരളം പോലൊരു പുരുഷ കേന്ദ്രീകൃത സമൂഹത്തലെ അസ്വസ്ഥയായ സ്ത്രീ ജീവിതത്തെ അവര്‍ വരച്ചുകാട്ടുന്നുണ്ട്.

നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവല്‍ ത്രയങ്ങളും ആരും മരിക്കുന്നില്ല, റോസ്‌മേരിയുടെ ആകാശങ്ങള്‍, ഗൗതമന്‍, അരക്കില്ലം, വിലാപം, പാളയം, ചാവേര്‍, നമ്പരുകള്‍, ആദിജലം, വേനല്‍, കനല്‍, നിഴലുറങ്ങുന്ന വഴികള്‍, തുടങ്ങിയ നോവലുകളും അരുന്ധതി കരയുന്നില്ല, പംഗുരുപുഷ്പത്തിന്റെ തേന്‍, കഥായനം, ചാമുണ്ടിക്കുഴി, തിരക്കില്‍ അല്‍പം സ്ഥലം, പഴയ പുതിയ നഗരം, ആന വേട്ടക്കാരന്‍, ഉണ്ണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴ പെയ്യുന്ന താഴ്‌വര, കോട്ടയിലെ പ്രേമ, പൂരം, അന്നമേരിയെ നേരിടാന്‍, അശോകനും അയാളും,  വത്സലയുടെ സ്ത്രീകള്‍, വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 17 വര്‍ഷമായി സാഹിത്യ സമിതി അധ്യക്ഷയാണ്. 2021 ലാണ് പി വത്സലയ്ക്ക് സാഹിത്യത്തിനുളള സമഗ്ര സംഭാവനയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുന്നത്. നെല്ല് എന്ന കൃതിക്ക് കുങ്കുമം അവാര്‍ഡ് ലഭിച്ചു. നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും പുലിക്കുട്ടന്‍ എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും വിലാപം എന്ന കൃതിക്ക് സി എച്ച് അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക മയില്‍പ്പീലി അവാര്‍ഡ്, അക്ഷര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.


#Daily
Leave a comment