PHOTO: TWITTER
എഴുത്തുകാരും അഭിനേതാക്കളും സമരത്തില്‍; സ്തംഭിച്ച് ഹോളിവുഡ്
ആറു പതിറ്റാണ്ടിനിടെ ആദ്യമായി ഹോളിവുഡിനെ സ്തംഭിപ്പിച്ച് എഴുത്തുകാരും അഭിനേതാക്കളും പണിമുടക്കുന്നു. പതിനൊന്ന് ആഴ്ചയായി തുടരുന്ന ഹോളിവുഡ് സിനിമ, ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കന്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലായിരിക്കുന്നത്.
63 വര്‍ഷത്തിനുശേഷം ഹോളിവുഡിനെ പ്രതിസന്ധിയിലാക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീതി ഒഴിവാക്കി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്‌ക്കൊപ്പം അഭിനേതാക്കളും സമരത്തിന് ആഹ്വാനം ചെയ്തത്.
ചിത്രീകരണവും റിലീസിങും അവതാളത്തില്‍
1960 ല്‍ നടന്‍ റൊണാള്‍ഡ് റീഗന്‍ നേതൃത്വം നല്‍കിയ ഹോളിവുഡ് സമരത്തിനുശേഷം ഇംഗ്ലീഷ് സിനിമാലോകം സ്തംഭിക്കുന്നത് ഇപ്പോഴാണ്. ഇതോടെ അമേരിക്കയിലെ ഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിര്‍മാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണങ്ങളും നിലച്ചു.
തിരക്കഥാകൃത്തുക്കളുടെ സംഘടനയായ റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക മികച്ച വേതനം ആവശ്യപ്പെട്ട് മെയ് രണ്ടു മുതല്‍ പണിമുടക്കിലാണ്. സമരത്തെ തുടര്‍ന്ന് ദി ടുനൈറ്റ് ഷോ, എബിസിയുടെ അബോട്ട് എലിമെന്ററി, നെറ്റ്ഫ്‌ളിക്‌സിന്റെ സ്‌ട്രേഞ്ചര്‍ തിങ്‌സ് എന്നിങ്ങനെയുള്ള ജനപ്രിയ പരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ ഹൈമറിന്റെ ലണ്ടനില്‍ നടക്കുന്ന പ്രീമിയര്‍ ഷോയുടെ ചിത്രീകരണം തടസ്സപ്പെട്ടു. മാര്‍വലിന്റെ 'ബ്ലേഡ്', തണ്ടര്‍ബോള്‍ട്ട് തുടങ്ങിയ വന്‍ ചിത്രങ്ങളുടെ റിലീസുകളും വൈകും.
വാള്‍ട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ് ഇന്‍ക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സുമായി പുതിയ തൊഴില്‍ കരാറില്‍ എത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനേതാക്കള്‍ സമരം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ ഹൈമറിന്റെ ലണ്ടനില്‍ നടക്കുന്ന പ്രീമിയര്‍, താരങ്ങളായ കിലിയന്‍ മര്‍ഫി, മറ്റ് ഡാമണ്‍, എമിലി ബ്ലണ്ട് എന്നിവര്‍ ഉപേക്ഷിച്ചിരുന്നു. പ്രമുഖരായ എല്ലാ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അഭിനയം, പാട്ട്, നൃത്തം, ആക്ഷന്‍, മോഷന്‍ ക്യാപ്ചര്‍ കലാകാരന്മാര്‍ എന്നിവരെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാര്‍ഡിന്റെ തീയതി മാറ്റിയേക്കും. അതേസമയം, സമരം മുന്‍നിര താരങ്ങളുടെ സാമ്പത്തിക കരാറിനെ ബാധിക്കില്ല. സാധാരണ എ-ലിസ്റ്റ് നടന്മാര്‍ക്ക് സ്റ്റുഡിയോകളുമായി വ്യക്തിഗത കരാറാണ്.
വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി
പണിമുടക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വന്‍കിട ചിത്രങ്ങളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ നിലവില്‍ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക ഭാഷാ കണ്ടന്റുകളാണ് പുതിയതായി ഇറക്കുന്നത്. യുഎസ് വിനോദ വ്യവസായത്തിലെ ഉപഭോക്തൃ ചിലവിന്റെ 90 ശതമാനവും ടിവിക്കും ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ വഴിയാണ് ലഭിക്കുന്നത് എന്നതുകൊണ്ട് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.