TMJ
searchnav-menu
post-thumbnail

Representational Image: Twitter

TMJ Daily

ഹോളിവുഡിനെ പ്രതിസന്ധിയിലാക്കി എഴുത്തുകാർ സമരത്തിൽ

03 May 2023   |   2 min Read
TMJ News Desk

മ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുകൾ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. തൊഴിൽസമയ ക്രമീകരണം, ശമ്പളവർധനവ് തുടങ്ങിയ വിഷയങ്ങളിൽ നാളുകളായുള്ള ആവശ്യത്തെത്തുടർന്ന് നിർമ്മാണക്കമ്പനികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.

എഴുത്തുകാർ ആവശ്യപ്പെടുന്ന ശമ്പളവർധനവും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തിൽ നൽകാൻ കഴിയില്ലെന്നാണ് നിർമ്മാണക്കമ്പനികളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുടെ നിലപാട്. എന്നാൽ വിനോദപരിപാടികളുടെ ഓൺലൈൻ പ്രദർശനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം എഴുത്തുകാർക്കും കിട്ടണമെന്നതാണ് റൈറ്റേഴ്‌സ് ഗിൽഡിന്റെ പ്രധാന ആവശ്യം. എഐ സാങ്കേതിക വിദ്യ തിരക്കഥാരചനയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. ആറാഴ്ച നീണ്ടുനിന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെയാണ് പണിമുടക്ക് ആരംഭിച്ചതെന്ന് റൈറ്റേഴ്‌സ് ഗിൽഡ് അറിയിച്ചു. പ്രക്ഷോഭകർ സ്റ്റുഡിയോകൾക്ക് മുന്നിൽ സമരം തുടങ്ങി. എഴുത്തുകാർക്ക് പിന്തുണയുമായി ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകൾ രംഗത്തെത്തി. പണിമുടക്ക് ആരംഭിച്ചതോടെ ടെലിവിഷൻ പരിപാടികളും സിനിമാ റിലീസുകളും വൈകും.

15 വർഷത്തെ ഇടവേളയിൽ സമരം

ന്യൂയോർക്കിലും ലോസ് ആഞ്ചൽസിലുമായി ഏകദേശം 11,500 എഴുത്തുകാരാണ് റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിൽ അംഗങ്ങളായുള്ളത്. 15 വർഷങ്ങൾക്ക് മുമ്പ് 2007ലും സമാനമായ സമരം അമേരിക്കയിൽ നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന സമരത്തെത്തുടർന്ന് 200 കോടി ഡോളറാണ് (ഏകദേശം 16,351 കോടി രൂപ) നഷ്ടമുണ്ടായത്. അമേരിക്കയിലെ വിനോദവ്യവസായത്തിനും സമരം വൻതിരിച്ചടിയായിരുന്നു. ഇപ്പോഴത്തെ പണിമുടക്കും ഈ മേഖലയെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെ എഴുത്തുകാർക്ക് വരുമാനവും കൂടിയിരുന്നു. എന്നാലിപ്പോൾ ചെലവുചുരുക്കി മുടക്കുമുതൽ തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് ഓ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. ഗിൽഡിന്റെ കണക്കുകൾ പ്രകാരം ഇപ്പോഴത്തെ മൂന്നിലൊന്ന് എഴുത്തുകാരും കുറഞ്ഞ ശമ്പള നിരക്കിലാണ് ജോലി ചെയ്യുന്നത്.  

സമരം ബാധിച്ച് ലേറ്റ് നൈറ്റ് ഷോ

സമരം നീണ്ടാൽ ഏറ്റവും ആദ്യം ബാധിക്കുന്നത് പ്രേക്ഷകർ ഏറെയുള്ള ലേറ്റ് നൈറ്റ് ടെലിവിഷൻ പരിപാടികളെയായിരിക്കും. ജിമ്മി കിമ്മൽ ലൈവ്, ദ ടുനൈറ്റ് ഷോ വിത്ത് ജിമ്മി ഫാലൺ തുടങ്ങി പ്രേക്ഷക സ്വീകാര്യത നേടിയ ഷോകൾ നിർത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. സമരം മുന്നോട്ട് തുടർന്നാൽ ജൂൺ, ജൂലൈ മാസങ്ങളിലെ ടെലിവിഷൻ ഷോകളെയും ബാധിക്കും. സാധാരണയായി മെയ്, ജൂൺ മാസങ്ങളിലാണ് പരിപാടികളുടെ സ്‌ക്രിപ്റ്റ് റൈറ്റിംങ് നടക്കുന്നത്. സമരത്തെത്തുടർന്ന്, ആഗോള ശ്രദ്ധ നേടിയ പരിപാടികൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.


#Daily
Leave a comment