
ബ്രസീലില്‍ എക്സിന് വിലക്ക്
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്‌സിന് ബ്രസീലില്‍ നിരോധനം ഏര്‍പ്പെടുത്തി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. കോടതി ഉത്തരവുകള്‍ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്.
എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ വിദ്വേഷ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയന്‍ സുപ്രീം കോടതിയുടെ കണ്ടെത്തല്‍. അങ്ങനെയുള്ള അക്കൗണ്ടുകള്‍ വിലക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എക്സ് ഉടമ ഇലോണ്‍ മസ്‌ക് ആവശ്യം നിരാകരിക്കുകയായിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്. നിയമകാര്യ പ്രതിനിധിയെ നിയമിക്കാന്‍ അനുവദിച്ച 24 മണിക്കൂര്‍ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകി ബ്രസീലിയന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏകദേശം രണ്ട് കോടി ഉപയോക്താക്കളെയാണ് സുപ്രീംകോടതി ഉത്തരവ് ബാധിക്കുക.
ഏപ്രിലില്‍ ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും ബ്രസീലിലെ തെരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നശിപ്പിക്കുകയാണ് എന്നായിരുന്നു ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്. അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടാണ് എക്സിനെന്നാണ് വിവരം.അനക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നാണ് കമ്പനി ആരോപിക്കുന്നത്. കോടതി സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.