
ഇയു- ചൈന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ഷി ജിന്‍പിങ് നിരസിച്ചു
യൂറോപ്യന്‍ യൂണിയനും (ഇയു) ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രസ്സല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഇയുവിന്റെ ക്ഷണം ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ് നിരസിച്ചു.
ഷിയ്ക്ക് പകരം പ്രധാനമന്ത്രി ലി ക്വിയാങ് യൂറോപ്യന്‍ കൗണ്‍സിലിലിലെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ചൈന അറിയിച്ചു.
സാധാരണ ബ്രസ്സല്‍സില്‍ ഉച്ചകോടി നടക്കുമ്പോള്‍ ചൈനയുടെ പ്രധാനമന്ത്രിയാണ് പങ്കെടുക്കുന്നത്. അതേസമയം, ബീജിങ്ങില്‍ നടക്കുമ്പോള്‍ പ്രസിഡന്റ് ആതിഥേയത്വം വഹിക്കുകയും ചെയ്യും. എന്നാല്‍ ചൈനയും ഇയുവും തമ്മിലുള്ള ബന്ധങ്ങളുടെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയില്‍ ഷി പങ്കെടുക്കണമെന്ന ആഗ്രഹമാണ് യൂണിയനുള്ളത്.
2022ല്‍ റഷ്യ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചശേഷം ബ്രസ്സല്‍സും ബീജിങ്ങും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയാണ്. ചൈന റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് ഇയു ആരോപിക്കുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈദ്യുതി വാഹനങ്ങളുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ തീരുവ ചുമത്തുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് ചൈന. ഇയു മൂന്നാമത്തേതും. 2024ല്‍ ഇരുരാജ്യങ്ങളും വാണിജ്യവുമായി ബന്ധപ്പെട്ട് പരസ്പരം ധാരാളം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ വൈദ്യുതി വാഹന നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന സബ്‌സിഡികളെക്കുറിച്ച് പഠിച്ചശേഷം ഇയു ചൈനീസ് വൈദ്യുതി കാറുകള്‍ക്കുമേല്‍ ഇരട്ടയക്ക നികുതി ഏര്‍പ്പെടുത്തി. കൂടാതെ, സാധാരണ കാറുകള്‍ക്ക് 10 ശതമാനം ഇറക്കുമതി ചുങ്കവും ചുമത്തി. അതേസമയം, ബീജിങ് യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.