
ഫ്ലിപ്കാർട്ടിനെതിരായ ആന്റിട്രസ്റ്റ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയോട് ഷഓമി
വാൾമാർട്ടിന്റെ ഫ്ലിപ്കാർട്ടിനെതിരായ ആന്റിട്രസ്റ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന് ചൈനീസ് സ്മാർട്ട്ഫോൺ വമ്പന്മാരായ ഷഓമി. കോമ്പറ്റിഷൻ നിയമങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് റദ്ദ് ചെയ്യണമെന്ന് ഷഓമി ആവശ്യപ്പെട്ടിരിക്കുന്നത്. കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ്(CCI) അന്വേഷണങ്ങളിലൂടെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഷഓമി, മോട്ടറോള, വിവോ കൂടാതെ ലെനോവോയുമായി ഫ്ലിപ്കാർട്ടിന് രഹസ്യധാരണകളുണ്ടെന്നും, അത് ഇന്ത്യയിലെ കോമ്പറ്റിഷൻ നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷഓമിയുടെ വാണിജ്യരഹസ്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും, അത് സ്ഥാപനത്തിന്റെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്നുള്ള ആശങ്കയിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി ഷഓമി സിസിഐ (CCI)യെ സമീപിക്കുന്നത്. തങ്ങളുടെ ഓരോ സ്മാർട്ട്ഫോൺ മോഡലുകളുടെയും വില്പനയുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നതാണ് ഷഓമിയുടെ ആശങ്ക. റിപ്പോർട്ട് റദ്ദ് ചെയ്യാനോ പിൻവലിക്കാനോ ഉള്ള ആവശ്യങ്ങൾ ആന്റിട്രസ്റ്റ് അന്വേഷണങ്ങൾക്കു കാലതാമസം വരുത്താറുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ, ആപ്പിളിനെതിരായ ആന്റിട്രസ്റ്റ് റിപ്പോർട്ട് CCI റദ്ദ് ചെയ്തിരുന്നു. ആപ്പിളും ഷഓമിക്ക് സമാനമായ വാദമാണ് റിപ്പോർട്ട് റദ്ദ് ചെയ്യാനുള്ള അപേക്ഷയിൽ ഉന്നയിച്ചത്. വിപണിയിൽ തങ്ങൾക്കുള്ള മേൽക്കൈ IOSലെ ആപ്പ് സ്റ്റോറിനായി ആപ്പിൾ ചൂഷണം ചെയ്തെന്നായിരുന്നു ആപ്പിളിനെതിരായ കമ്മീഷന്റെ കണ്ടെത്തൽ. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആപ്പിൾ നിഷേധിച്ചു.
ആന്റിട്രസ്റ്റ് റിപ്പോർട്ട് കമ്മീഷൻ പുറത്ത് വിടാറില്ല, ബന്ധപ്പെട്ട ആളുകൾക്കോ സ്ഥാപനങ്ങൾക്കോ കൈമാറ്റം ചെയ്യാറാണ് പതിവ്. റദ്ദ് ചെയ്യാനുള്ള ആവശ്യത്തിന് ശേഷം റിപ്പോർട്ട് കമ്മീഷന് തിരിച്ചയക്കണം. പിന്നീട് വിലയിരുത്തലുകൾക്ക് ശേഷം റിപ്പോർട്ടിൽ ചില സംശോധനകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവാറുണ്ട്.