ഹമാസ് മേധാവിയായി ചുമതലയേറ്റ് യഹിയ സിന്‍വാര്‍
ഹമാസിന്റെ പുതിയ തലവനായി യഹിയ സിന്‍വാര്‍. ഹമാസ് മേധാവി ആയിരുന്ന ഇസ്മായില്‍ ഹനിയെ കഴിഞ്ഞ ആഴ്ച്ച ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിന്‍വാറിനെ തലവനായി തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി തിരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് യഹിയ സിന്‍വാര്‍. 2014-ല്‍ നടന്ന ഏഴ് ആഴ്ചകള്‍ നീണ്ട ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ പ്രധാന രാഷ്ട്രീയ-സൈനിക പങ്ക് വഹിച്ചതും സിന്‍വാറായിരുന്നു. 2015 ല്‍ അമേരിക്ക സിന്‍വാറിനെ ആഗോള ഭീകരനായി മുദ്രകുത്തുകയും ചെയ്തു.
2017 ലാണ് യഹിയ സിന്‍വാര്‍ ഗാസ മുനമ്പിലെ ഹമാസിന്റെ നേതാവാകുന്നത്. ഒക്ടോബര്‍ 7 ന് നടന്ന യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നിരവധി ഹമാസ് നേതാക്കളില്‍ ഒരാളാണ് സിന്‍വാര്‍. മേധാവി സ്ഥാനത്തേക്ക് സിന്‍വാര്‍ എത്തുന്നത് ഗാസയിലുടനീളം പ്രതിഫലിക്കുമെന്ന് പലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ നൂര്‍ ഒഡെ അഭിപ്രായപ്പെട്ടു. സിന്‍വാറിന്റെ നിയമനത്തെ ഹിസ്ബുള്ള സ്വാഗതം ചെയ്തു. ഇത് ഇസ്രയേലിനും അമേരിക്കയ്ക്കും ശക്തമായ സന്ദേശമാണെന്ന് ഹിസ്ബുള്ള വിശേഷിപ്പിച്ചു.