TMJ
searchnav-menu
post-thumbnail

TMJ Daily

യെമന്‍ ആക്രമണം: വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു

21 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യെമനിലെ അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ സിഗ്നല്‍ ആപ്പില്‍ രണ്ടാം തവണയും പങ്കുവച്ചു.

മാര്‍ച്ച് 15ന് യെമനില്‍ ഹൂതികള്‍ക്കെതിരെ നടന്ന ആക്രമണ വിവരങ്ങളാണ് ഹെഗ്‌സെത്ത് സിഗ്നല്‍ ആപ്പിലെ ഗ്രൂപ്പില്‍ പങ്കുവച്ചത്. ഈ ഗ്രൂപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും സ്വകാര്യ അഭിഭാഷകനും അംഗമാണ്.

അമേരിക്കയുടെ എഫ്/എ 18 ഹോര്‍ണറ്റ് വിമാനങ്ങള്‍ ഹൂതിയിലെ ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍പോകുന്നതിന്റെ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ അടങ്ങിയിരുന്നു.

യെമനിലെ യുഎസ് സൈനിക ഓപ്പറേഷന്റെ സെന്‍സിറ്റീവായ വിവരങ്ങള്‍ മറ്റൊരു സിഗ്നല്‍ ഗ്രൂപ്പില്‍ ഹെഗ്‌സെത്ത് പങ്കുവച്ച് ഒരുമാസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം നടന്നത്.

മുന്‍ ഫോക്‌സ് ന്യൂസ് പ്രൊഡ്യൂസറാണ് ഹെഗ്‌സെത്തിന്റെ ഭാര്യ ജെന്നിഫര്‍. നിലവില്‍ പെന്റഗണില്‍ ഔദ്യോഗിക പദവികളൊന്നും അവര്‍ വഹിക്കുന്നില്ല. എന്നാല്‍, വിദേശ നേതാക്കളുടെ യോഗങ്ങളില്‍ ഭാര്യയെ ഉള്‍പ്പെടുത്തുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

ഹെഗ്‌സെത്തിന്റെ സഹോദരന്‍ ഫില്ലും സ്വകാര്യ അഭിഭാഷകനായ ടിം പാര്‍ലറ്റോറും പ്രതിരോധ വകുപ്പില്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. എന്നാല്‍, സെന്‍സിറ്റീവായ യുഎസ് ആക്രമണ വിവരങ്ങള്‍ ഈ മൂന്ന് പേരും മുന്‍കൂറായി അറിയേണ്ട ആവശ്യമെന്താണെന്ന് വ്യക്തമല്ല.

ആദ്യത്തെ സിഗ്നല്‍ ഗ്രൂപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ഗ്രൂപ്പ് ഹെഗ്‌സെത്ത് തന്നെയാണ് സൃഷ്ടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അബദ്ധവശാല്‍ അംഗമായി ചേര്‍ക്കപ്പെട്ട ജെഫ്രി ഗോള്‍ഡ്ബര്‍ഗ് ആണ് ആദ്യത്തെ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്തുവിട്ടത്.







#Daily
Leave a comment