
ഗുരുവായൂരില്‍ യേശുദാസിന് പ്രവേശനം അനുവദിക്കണം; ശിവഗിരി മഠം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗായകന്‍ കെ ജെ യേശുദാസിന് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താന്‍ ശിവഗിരി മഠം. അടുത്ത മാസം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നില്‍ സമരം നടത്താനാണ് മഠം ഒരുങ്ങുന്നത്.
ആചാര പരിഷ്‌കരണം ആവശ്യപ്പെട്ടാണ് ദേവസ്വത്തിന് മുന്നില്‍ മഠം സമരം നടത്തുന്നത്. പ്രക്ഷോഭം നടത്തുന്ന കാര്യം മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് അറിയിച്ചത്.
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് യേശുദാസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാലക്രമേണ ആ നിലപാട് മാറുമെന്നാണ് കരുതുന്നതെന്നായിരുന്ന യേശുദാസിന്റെ അഭിപ്രായമെന്ന് സ്വാമി പറഞ്ഞു. ഇപ്പോള്‍ അതിനുള്ള കാലം സമാഗതമായിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ സ്വാമി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പതിറ്റാണ്ടുകളായുള്ള ഈ ആവശ്യം ഉന്നയിച്ച് സ്വാമി പ്രക്ഷോഭ പാതയിലേക്ക് നീങ്ങുന്നത്. ഗുരുവായൂര്‍ ഭക്തനായ അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലാത്തത് ഏറെക്കാലമായി വിമര്‍ശനം നേരിടുന്നുണ്ട്.
ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും. ഗോപുര വാതില്‍ തുറക്കും. ഗോപകുമാരനെ കാണും എന്ന് യേശുദാസ് പാടിയിട്ടുണ്ട്.
ജാതിമത വ്യത്യാസമോ മറ്റു ഭേദചിന്തകളോ ഇല്ലാത്ത മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന യേശുദാസിനുവേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിന് എതിരെ സ്വാമി പ്രചാരണം നടത്തിവരികയാണ്. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ കഴകത്തിന് സര്‍ക്കാര്‍ നിയമിച്ച പിന്നോക്ക ജാതിക്കാരനായ ജീവനക്കാരന് അയിത്തം നേരിടേണ്ടി വന്ന വിഷയത്തിലും സ്വാമി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അയിത്താചാരണം നടത്തുന്ന ക്ഷേത്രങ്ങളില്‍ പിന്നോക്കക്കാര്‍ സന്ദര്‍ശനം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


