PHOTO: WIKI COMMONS
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് ഇന്നു പുലര്‍ച്ചെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.
പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നവകേരള യാത്രക്കിടെ കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20 നാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവര്‍ത്തകരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസില്‍ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഘം ചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.