
റഷ്യക്കെതിരെ യുഎസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സെലന്‍സ്‌കി
റഷ്യ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളേയും യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ പ്രചാരണങ്ങളേയും യുഎസും യുക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികളും ശക്തമായി പ്രതിരോധിക്കണമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ അനുകൂല പ്രസ്താവനകള്‍ വാഷിങ്ടണ്‍ നടത്തുന്നത് റഷ്യയുടെ മേലുള്ള യുഎസ് സമ്മര്‍ദ്ദം ദുര്‍ബലപ്പെടുത്തുമെന്നും സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
യുഎസ് സഹായവും ഇന്റലിജന്‍സ് പങ്കുവയ്ക്കലും ഉറപ്പാക്കുന്നതിനുവേണ്ടിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നതിന് താന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹമിന്ന് പാരീസില്‍ വച്ച് യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
എന്നാല്‍, റഷ്യ കരിങ്കടലിലും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം അവസാനിപ്പിക്കുന്നതിന് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും മോസ്‌കോയുടെ മേലുള്ള ഉപരോധം ഇളവ് ചെയ്യുന്നതിന് ഇപ്പോള്‍ അവര്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തില്‍ ലഭിക്കുന്ന അമേരിക്കന്‍ സഹായത്തിന് സെലന്‍സ്‌കി നന്ദി പറഞ്ഞു. പക്ഷേ, യുദ്ധത്തെക്കുറിച്ചുള്ള റഷ്യന്‍ വിശദീകരണത്തില്‍ വാഷിങ്ടണ്‍ സ്വാധീനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ക്ക് ആ വിശദീകരണങ്ങളോട് യോജിക്കാനാകില്ല,' അദ്ദേഹം പറഞ്ഞു.
മദ്ധ്യേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പതിവായി ക്രെംലിനിന്റെ വിശദീകരണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാണിച്ചു.