TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്ൻ പ്രധാനമന്ത്രിയായി യൂലിയ സ്വിരിഡെങ്കോയെ നാമനിർദ്ദേശം ചെയ്ത് സെലൻസ്കി

15 Jul 2025   |   1 min Read
TMJ News Desk

യുക്രെയ്നിലെ പുതിയ സർക്കാരിനെ നയിക്കാൻ നിലവിലെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ യൂലിയ സ്വിരിഡെങ്കോയെ നാമനിർദ്ദേശം ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിനെ പ്രതിരോധ മന്ത്രിയാക്കാനും സെലൻസ്കി നിർദ്ദേശിച്ചു. നാമനിർദേശങ്ങൾക്ക് യുക്രെയ്ൻ പാർലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുക്രെയ്നിലേക്ക് പാട്രിയറ്റ് മിസൈലുകളടക്കമുള്ള പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നേതൃത്വത്തിനായി സെലൻസ്കിയുടെ പ്രഖ്യാപനം വരുന്നത്.

റഷ്യയുമായുള്ള സമാധാനശ്രമങ്ങളിൽ പുരോഗതി ഇല്ലാതിരിക്കുന്ന അവസ്ഥയിൽ യുക്രെയ്‌നിന്റെ  സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും, യുക്രെയ്‌നിന്റെ പ്രതിരോധ മേഖലയെ വളർത്തിയെടുക്കാനും സാമ്പത്തിക ശാസ്ത്രജ്ഞ കൂടെയായിട്ടുള്ള സ്വിരിഡെങ്കോയ്ക്ക് കഴിയുമെന്ന് സെലൻസ്കി പ്രത്യാശിക്കുന്നു. 39 വയസ്സുള്ള യൂലിയ സ്വിരിഡെങ്കോ, 2021 മുതൽ യുക്രെയ്‌നിന്റെ  ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററാണ്. യുഎസുമായുള്ള ധാതുകരാർ ചർച്ചയിൽ സ്വിരിഡെങ്കോ മുഖ്യപങ്ക് വഹിച്ചിരുന്നു.

നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിന്റെ അനുഭവസമ്പത്ത് യുക്രെയ്‌നിന്റെ  പ്രതിരോധ പ്രവർത്തനങ്ങൾക്കും, രാജ്യസുരക്ഷയ്ക്കും വിലപ്പെട്ടതാണെന്ന് സെലൻസ്കി പറഞ്ഞു. ഈ മേഖലകളിലാണ് രാജ്യത്തിന്റെ വിഭവങ്ങളെ ഉപയോഗപ്പെടുത്തേണ്ടതെന്നും, കൂടുതൽ ജോലികളും, വലിയ ഉത്തരവാദിത്തവും ഈ മേഖലയിലേക്കാണ് കേന്ദ്രീകരിക്കേണ്ടത് എന്നും സെലൻസ്കി പറഞ്ഞു. നിലവിലെ യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമറോവ് അമേരിക്കയിലേക്കുള്ള യുക്രെയ്‌നിന്റെ  അംബാസഡർ ആവാനാണ് സാധ്യതയെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.




#Daily
Leave a comment