
യുക്രെയ്‌നിലെ ധാതുനിക്ഷേപം യുഎസിന് നല്‍കുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച് സെലന്‍സ്‌കി
യുക്രെയ്‌നിലെ ധാതു നിക്ഷേപം കൈയടക്കാനുള്ള യുഎസ് നീക്കത്തിന് തടയിട്ട് സെലന്‍സ്‌കി. അതേസമയം, ധാതുക്കള്‍ യൂറോപ്യന്‍ യൂണിയന് നല്‍കാമെന്നും യുക്രെയ്ന്‍ വാഗ്ദാനം ചെയ്തു.
യുഎസില്‍ നിന്നും ലഭിക്കുന്ന സഹായത്തിന് പകരമായി യുക്രെയ്‌നിലെ പ്രകൃതി വിഭവങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാന്‍ സെലന്‍സ്‌കി തയ്യാറായില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധം, സാങ്കേതികവിദ്യ, ഹരിതോര്‍ജ്ജം തുടങ്ങിയ മേഖലകള്‍ക്ക് നിര്‍ണ്ണായകമായ ധാതുക്കളുടെ വന്‍ശേഖരം യുക്രെയ്‌നിന്റെ പക്കല്‍ ഉണ്ടെന്ന് 2024ലെ ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ടൈറ്റാനിയം, ലിഥിയം ശേഖരം യുക്രെയ്‌നിലാണുള്ളത്.
ഗണ്യമായ ബെറിലിയം, മാംഗനീസ്, ഗാലിയം, യുറേനിയം, സിര്‍കോണിയം, ഗ്രാഫൈറ്റ്, അപാറ്റൈറ്റ്, ഫ്‌ളൂറൈറ്റ്, നിക്കല്‍ നിക്ഷേപങ്ങളും ഇവിടെയുണ്ട്.
യുക്രെയ്‌നിലെ ധാതു ശേഖരത്തിന്റെ 50 ശതമാനത്തിനുമേല്‍ യുഎസിന് അവകാശം നല്‍കി കൊണ്ടുള്ള രേഖയില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് യുഎസ് പ്രതിനിധികള്‍ സെലന്‍സ്‌കിയെ സമീപിച്ചുവെന്നും എന്നാല്‍ അതില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടര്‍ റോജിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ആ രേഖയില്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള അവസരം പോലും നല്‍കാതെയാണ് സെലന്‍സ്‌കിയോട് യുഎസ് അത് ഒപ്പിടാന്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
യുക്രെയ്‌നിന്റെ പ്രകൃതി വിഭവങ്ങള്‍ വെറുതേ നല്‍കുന്നതിനേക്കാള്‍ ഇരുപക്ഷത്തിനും ഗുണം ചെയ്യുന്ന പങ്കാളിത്തത്തിനാണ് തനിക്ക് താല്‍പര്യമെന്ന് സെലെന്‍സ്‌കി കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, ധാതു ശേഖരമുള്ള മേഖലയില്‍ വലിയൊരു ഭാഗം നിലവില്‍ റഷ്യയുടെ നിയന്ത്രണത്തില്‍ ആണെന്ന് സെലെന്‍സ്‌കി സമ്മതിച്ചു.
അതേസമയം, ധാതുക്കള്‍ യൂറോപ്യന്‍ യൂണിയന് നല്‍കാമെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി ഡെനിന് ഷ്മിഗല്‍ പറഞ്ഞു. യൂണിയന് ആവശ്യമായ 30 ധാതുക്കളില്‍ 22 എണ്ണം യുക്രെയ്‌നില്‍ ഉണ്ടെന്നും അവ ഉപയോഗിക്കുന്നതിന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങാമെന്ന് ഷ്മിഗല്‍ പറഞ്ഞു.