
അണുവായുധം അല്ലെങ്കില്‍ നാറ്റോ അംഗത്വം വേണമെന്ന് സെലെന്‍സ്‌കി
യുക്രൈനിന് ഒന്നുകില്‍ അണുവായുധം അല്ലെങ്കില്‍ നാറ്റോ അംഗത്വം നല്‍കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി. ഇതില്‍ ഏതെങ്കിലും നടന്നാല്‍ യുക്രൈന് സ്വയം സംരക്ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഈ ആശയം പങ്കുവെച്ചതായും സെലെന്‍സ്‌കി അവകാശപ്പെട്ടു.
റഷ്യയുമായുള്ള യുദ്ധം ജയിക്കുന്നതിനുള്ള തന്റെ 'വിജയ പദ്ധതി' യൂറോപ്യന്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അവതരിപ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവെ നാറ്റോ അംഗത്വം നല്‍കിയില്ലെങ്കില്‍ ആണവായുധങ്ങള്‍ ആവശ്യമാണെന്ന് സെലെന്‍സ്‌കി നിര്‍ദ്ദേശിച്ചു.
ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചപ്പോള്‍ ഒന്നുകില്‍ യുക്രൈയ്നില്‍ ആണവായുധങ്ങള്‍ വേണമെന്നും അവ സംരക്ഷണമായി പ്രവര്‍ത്തിക്കുമെന്നും നാറ്റോ ഒഴികെ ഫലപ്രദമായ സഖ്യങ്ങളൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു. നാറ്റോയില്‍ അംഗത്വം ലഭിക്കുന്ന അടുത്ത രാജ്യം യുക്രൈന്‍ ആവാനുള്ള സാധ്യതയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ വ്യാഴാഴ്ച പറഞ്ഞിരുന്നു.